guest

നരിക്കുനി: ഭക്ഷണവും കരുതലുമുണ്ട് പക്ഷെ, നരിക്കുനിയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ സങ്കടം ഒഴിയുന്നില്ല. കച്ചവട ആവശ്യങ്ങൾക്കായി പണിത വായുകടക്കാത്ത ഒറ്റമുറി കടകളിലാണ് പലരുടെയും താമസം. ഒരാൾക്ക് താമസിക്കാൻ അനുമതിയുള്ള മുറിയിൽ കുത്തിനിറച്ചാണ് ഇവരുടെ ജീവിതം. രാത്രി 8 മണിയോടെ മുറിയിലെത്തുന്ന തൊഴിലാളികൾ രാവിലെ 5 മണിയോടെ തൊഴിലിടങ്ങളിലേക്ക് പോകുന്ന അവസ്ഥയായിരുന്നു ഇതുവരെ. എന്നാൽ കൊറോണയിൽ ലോക്ക് ഡൗണായതോടെ ഷട്ടർ തുറന്നിട്ടാലും ചൂട്ടുപൊള്ളുന്ന റൂമിൽ ഇരിക്കാനാവാതെ പുറത്ത് സമയം നീക്കുകയാണ് ഇവർ.
നരിക്കുനി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത് . എളേറ്റിൽ, വട്ടോളി , പൂനൂർ, ബാലുശ്ശേരി , നന്മണ്ട , കാക്കൂർ , കക്കോടി , ചേളന്നൂർ , പടനിലം, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ജോലിക്ക് പോകുന്നവരാണ് ഇവർ. ഓരോ റൂമിലും 10 ഓളം തൊഴിലാളികളാണ് തിങ്ങി നിറഞ്ഞ് താമസിക്കുന്നത്. ഒരാളിൽ നിന്ന് 1000 രൂപയാണ് വാടക ഈടാക്കുന്നത്. എന്നാൽ ഭക്ഷണം പാചകം ചെയ്യാനോ ശുദ്ധമായ കുടിവെള്ളമോ ആവശ്യത്തിന് ബാത്ത് റൂമോ ഇവിടങ്ങളിലില്ല.
നരിക്കുനി പഞ്ചായത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത് ചെങ്ങോട്ടു പൊയിലിലെ പാറന്നൂർ എൽ .പി സ്‌കൂളിലാണ്. ഭക്ഷണം സൗജന്യമാണെങ്കിലും പച്ചക്കറിയായതിനാൽ പലരും കഴിച്ചെന്ന് വരുത്തുകയാണ്.