mask

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനായി ജയിൽ വകുപ്പ് രണ്ടാഴ്‌ചകൊണ്ടു നിർമ്മിച്ച് പുറത്തെത്തിച്ചത് രണ്ട് ലക്ഷത്തിലധികം മാസ്‌ക്ക്. മാർച്ച് 18 മുതലാണ് ജയിലുകളിൽ മാസ്‌ക്ക് നിർമ്മാണം തുടങ്ങിയത്. തടവുകാർ തുന്നിയെടുത്ത മാസ്‌കുകളാണ് കരിഞ്ചന്തക്കാരെയും പൂഴ്‌ത്തിവയ്‌പുകാരെയും തുരത്തിയത്.

ആദ്യ ദിവസം സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലും തിരഞ്ഞെടുക്കപ്പെട്ട എട്ട് ജയിലുകളിലും മാത്രമായിരുന്നു നിർമ്മാണം. അടുത്ത ദിവസം മുതൽ എല്ലാ ജയിലുകളിലും മാസ്‌ക്ക് നിർമ്മിക്കാൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർദ്ദേശിച്ചു. പക്ഷേ മുന്നൊരുക്കം നടത്താതിനാൽ എല്ലായിടത്തും നിർമ്മാണം തുടങ്ങാനായില്ല.

മാർച്ച് 23 മുതൽ സംസ്ഥാനത്തെ 54 ജയിലുകളിലും മാസ്‌ക്ക് നിർമ്മാണം തകൃതിയായി. ഇപ്പോൾ ദിവസവും 20,000 മാസ്‌ക്ക് നിർമ്മിക്കുന്നുണ്ടെന്ന് ജയിൽ ഡി.ജി.പി പറഞ്ഞു. ഒമ്പത് ദിവസംകൊണ്ട് 1.8 ലക്ഷം മാ‌സ്‌ക്ക് ജയിലുകളിൽ നിന്ന് പുറത്തെത്തിച്ചു. പൂർണ തോതിൽ നിർമ്മാണം തുടങ്ങും മുമ്പ് ദിവസം 5000 മുതൽ 10,000 വരെ മാസ്‌ക്കുകളാണ് നിർമ്മിച്ചിരുന്നത്. അഞ്ച് ദിവസം കൊണ്ട് 30,000 ലധികം മാസ്‌ക്കുകളാണ് നിർമ്മിച്ചത്.

മാസ്ക്കുകളിൽ നല്ലൊരു പങ്കും സംസ്ഥാന ആരോഗ്യ വകുപ്പിനും സാമൂഹ്യ ക്ഷേമ വകുപ്പിനുമാണ് നൽകുന്നത്. ജയിൽ കൗണ്ടറിലൂടെ പൊതുജനങ്ങൾക്കും വിൽക്കുന്നുണ്ട്. 500 ലിറ്റർ സാനിറ്റൈസറും ജയിലുകളിൽ ഇതുവരെ നിർമ്മിച്ചു.

ജയിലുകളിൽ ഇങ്ങനെ

 ദിവസവും നിർമ്മിക്കുന്നത് - 20,000 മാസ്‌ക്കുകൾ

 23 മുതൽ 9 ദിവസം കൊണ്ടുണ്ടാക്കിയത് - 1.8 ലക്ഷം മാസ്‌ക്കുകൾ

 മാസ്‌ക്കുകൾ നൽകുന്നത് ആരോഗ്യ വകുപ്പിനും സാമൂഹ്യ ക്ഷേമ വകുപ്പിനും

 ജയിൽ കൗണ്ടറിലൂടെ പൊതുജനങ്ങൾക്കും വില്പന

 ഇതുവരെ നിർമ്മിച്ച സാനിറ്റൈസർ - 500 ലിറ്റർ