സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് തഹസിൽദാരെ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം സ്ഥലംമാറ്റി. കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടത്തിയില്ലെന്ന കാരണത്താലാണ് ബത്തേരി തഹസിൽദാർ പി.എം.കുര്യനെ അമ്പലവയൽ ലാന്റ് റവന്യു സെക്ഷനിലേക്ക് മാറ്റി നിയമിച്ചത്. പകരം ബത്തേരി തഹസിൽദാരായി സുനിൽകുമാറിനെ നിയമിച്ചു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്കിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാര്യക്ഷമത പുലർത്തിയില്ലെന്ന കാരണമാണ് തഹസിൽദാർക്കെതിരെ ഉന്നയിക്കപ്പെട്ടതെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ അതിർത്തി വഴി യാത്രാ വാഹനങ്ങൾ കടത്തിവിടരുതെന്ന കലക്ടറുടെ വിലക്ക് മറികടന്ന് വാഹനം കടത്തിവിട്ടതിനാണ് തഹസിൽദാർക്കെതിരെ നടപടി ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഒരു അഞ്ചംഗ കുടുംബം അതിർത്തി ചെക്ക് പോസ്റ്റിൽ എത്തി കേരളത്തിലേക്ക് കടക്കാനാവാതെ തിരിച്ചുപോകേണ്ടി വന്നതാണ് അവസാനമായി ഇതുവഴി വന്ന യാത്രക്കാർ. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു യാത്രാ വാഹനവും ഇതുവഴി വരുകയോ കേരളത്തിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. അതിർത്തിയിൽ നീരീക്ഷണം ശക്തമാക്കികൊണ്ട് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം ഡ്രോൺ​ വഴി​ നിരീക്ഷണം നടത്തി​യി​രുന്നു.
പച്ചക്കറിയും പലവ്യഞ്ജനങ്ങളും കൊണ്ടുവരുന്നതിനായി കർണാടകയിലേക്ക് കടക്കുന്നതിന് 60 വാഹനങ്ങൾക്കുള്ള പാസാണ് ഒരു ദിവസം അനുവദിക്കുന്നത്. പാസുകൾ നൂൽപ്പുഴ വില്ലേജ് ഓഫീസിൽ സജ്ജമാക്കിയ കൗണ്ടറിൽ നിന്നാണ് നൽകുന്നത്. പാസുകൾക്ക് വേണ്ടി ഡ്രൈവർമാർക്ക് ഇവിടെ കൂടുതൽ സമയം നിൽക്കേണ്ടിവരുന്നുവെന്ന പരാതിക്ക് പരിഹാരമായി ആവശ്യമെങ്കിൽ കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.