സുൽത്താൻ ബത്തേരി: കൊറോണക്കാലത്തെ സമ്പൂർണ അടച്ചിടലിൽ വാടുന്ന ചെടികൾക്ക് വെള്ളവും തണലും ഒരുക്കാനും ആളുകൾ. മീനമാസത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് ചെടികൾക്കും പൂക്കൾക്കും ആശ്വാസമേകി ബത്തേരി മുൻസിപ്പാലിറ്റിയിലെ ശുചീകരണ ജീവനക്കാർ വെള്ളവും തണലും ഒരുക്കി ചെടികളെ സംരക്ഷിക്കുകയാണ്.
ഫ്ളവർ സിറ്റി ആയി മാറിയ ബത്തേരി പട്ടണത്തിലെ നടപ്പാതയുടെ ഇരുവശങ്ങളിലെയും കൈവരികളിൽ ചെടിച്ചട്ടികളിൽ നട്ടുപിടിപ്പിച്ചിട്ടുള്ള ചെടികൾക്കാണ് മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾ വെള്ളവും തണലും ഒരുക്കി ഇന്നലെ പരിചരണവുമായി ഇറങ്ങിയത്.
പട്ടണത്തിലെ കടകൾ അടച്ചതോടെ ചെടികൾക്കും വെള്ളം കിട്ടാതായി. ഓരോ കടയുടെയും മുൻവശത്തെ ഫുട്പാത്തിൽ സ്ഥാപിച്ചിട്ടുള്ള ചെടികൾക്ക് വെള്ളവും വളവും നൽകി വന്നിരുന്നത് കടക്കാരായിരുന്നു.
വെള്ളം കിട്ടാതെ ചെടികൾ വാടി തളർന്നതോടെയാണ് ഇന്നലെ ശുചീകരണ തൊഴിലാളികൾ ചെടിയുടെ ചുവട്ടിൽ വൈക്കോൽ ഇട്ട് ചെടിക്ക് തണൽ ഒരുക്കിയത്. വെള്ളത്തിന്റെ തണുപ്പ് നിലനിർത്താനാണ് വൈക്കോൽ ചെടിച്ചട്ടിയുടെ അടിയിൽ ഇട്ടത്. മാർച്ച് അവസാനത്തോടെ ബത്തേരി പട്ടണത്തിലെ മുഴുവൻ സ്ഥലങ്ങളിലും പൂച്ചെടി വെച്ചുപിടിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു വരുന്നതിനിടെയായിരുന്നു കൊറോണ വ്യാപനം.
രണ്ട് വർഷം മുമ്പാണ് ബത്തേരി പട്ടണത്തിൽ സന്നദ്ധ സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പൂച്ചെടികൾ വെച്ച് പിടിപ്പിച്ചത്. പൂക്കളും ചെടികളും നിറഞ്ഞ ക്ലീൻ സിറ്റി ഗ്രീൻ സിറ്റി എന്നതാണ് നഗരസഭയുടെ കാഴ്ചപ്പാട്.
ഫോട്ടോ
ബത്തേരിയിൽ പൂച്ചെടികൾക്ക് തണലും വെള്ളവും നൽകുന്ന നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ
........
വയനാട്ടിൽ അനാവശ്യ യാത്രകൾ കർശനമായി വിലക്കിയതോടെ ആളൊഴിഞ്ഞ ബത്തേരി പട്ടണം