ഇയ്യാട്: 41ാം വാർഷികം കെങ്കേമമാക്കാനായിരുന്നു ഇയ്യാട് ഫൂൾസ് ക്ലബ്ബിന്റെ മോഹം. പക്ഷെ, കൊറോണ സകലതും ലോക്കാക്കിയതോടെ 'ഫൂളാ'ക്കലും വേണ്ടെന്നുവച്ചിരിക്കുകയാണ് ഈ തമാശക്കൂട്ടം. 35 വർഷം ഇയ്യാട് പുതിയേടത്ത് പാറയിലും പാറയില്ലാതായതോടെ ആറ് വർഷമായി മോളൂർ പാറയുടെ താഴ് വാരത്തിലുമായിരുന്നു ഫൂൾസ് ക്ലബ്ബ് അംഗങ്ങളുടെ ഒത്തുചേരൽ.
ഞാൻ ബുദ്ധിമാനാണെന്ന് ധരിക്കാത്തവർക്കും പരസ്പര വിശ്വാസമുള്ളവർക്കും മാത്രം അംഗത്വം നൽകിയിരുന്ന ഫൂൾസ് ക്ലബ്ബിന്റെ ആദ്യ വിഡ്ഢിദിനാഘോഷം ഉദ്ഘാടനം ചെയ്തത് തിക്കോടിയനായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഹമീദ് ചേന്ദമംഗല്ലൂർ, കെ.എ. കൊടുങ്ങല്ലൂർ, വാസു പ്രദീപ്, യു.എ.ഖാദർ, അക്ബർ കക്കട്ടിൽ, കെ.പി.സുധീര എന്നിവരെല്ലാം ഏപ്രിൽ ഒന്നിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട് !. എം.എൻ.കാരശ്ശേരിയായിരുന്നു ഇത്തവണത്തെ അതിഥി. ശിവദാസൻ പൊയിൽക്കാവ് സംവിധാനം ചെയ്ത 'അപ്പുണ്ണി, ശശി അവതരിപ്പിച്ച 'ചക്കരപ്പന്തൽ' ഏക പാത്ര നാടകം, എം.കെ.രവി വർമ്മയുടെ രചനയിൽ നാട്ടിലെ കലാകാരന്മാർ ഒരുക്കുന്ന നാടകം എന്നിവയെല്ലാം കൊണ്ട് പരിപാടി കൊഴിപ്പിക്കാനായിരുന്നു തീരുമാനം.

നേരത്തെ നവോദയ, ധന്യ, ധ്വനി, ദീപ്തി, സംഗമം വെസ്റ്റ് ഇയ്യാട് തുടങ്ങി പത്തോളം കലാസമിതികൾ ഇയ്യാടും പരിസര പ്രദേശങ്ങളിലുമായി പ്രവൃത്തിച്ചിരുന്നു. ഈ സമയത്താണ് വ്യത്യസ്തത പുലർത്തുന്ന ക്ലബ്ബ് എന്ന ആശയം ഉടലെടുത്തതെന്ന് ഹരിന്ദ്രനാഥ് ഇയ്യാടും രവി ഇയ്യാടും പറയുന്നു.

ക്ലബിന് ഫൂൾസ്

1979 ൽ ആരംഭിച്ച ക്ലബ്ബിന് റിട്ട. സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പരേതനായ തേലമ്പറ്റ ബാലകൃഷ്ണന്റെ സംഭാവനയായിരുന്നു ഫൂൾസ് എന്ന പേര്. രജിസ്ട്രേഷനില്ല, ബൈലോ ഇല്ല, പ്രസിഡന്റ് ഇല്ല, സെക്രട്ടറിയില്ല സ്വാഗതവും നന്ദിയും ഒന്നുമില്ല. അംഗത്വ ഫീസും നൽകേണ്ട. അംഗത്വത്തിനുള്ള ഏക യോഗ്യത നന്നായി ചിരിക്കാനറിയണം.