കോഴിക്കോട്: ജില്ലയിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ആരോഗ്യ വകുപ്പു ജാഗ്രത തുടരുകയാണ്. 21,239 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. സർക്കാരിന്റെ കോവിഡ്-19 ട്രാക്കർ വെബ്‌പോർട്ടൽ വഴി കീഴ്സ്ഥാപനങ്ങളിൽ നിന്ന് കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തിൽ ചേർക്കപ്പെട്ടവരുൾപ്പെടെയാണിത്. മറ്റു സംസ്ഥാനങ്ങളിൽ പോയി തിരിച്ചു വന്നവരും ഇതിലുൾപ്പെടും.
ഇന്നലെ പുതുതായി വന്ന അഞ്ച് പേരുൾപ്പെടെ മെഡിക്കൽ കോളേജിൽ ചികിത്സിലുള്ള 17 പേരാണ് ആശുപത്രിയിലുള്ളത്. 10 പേരെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു
ഇന്നലെ 11 സ്രവ സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ജില്ലയിലാകെ 257 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 245 എണ്ണത്തിന്റെ ഫലം ലഭിച്ചു. 236 എണ്ണം നെഗറ്റീവാണ്. ജില്ലയിൽ സ്ഥിരീകരിച്ച 9 പോസിറ്റീവ് കേസുകളാണുള്ളത്. എന്നാൽ ഇതിൽ ആറു പേർ കോഴിക്കോട് സ്വദേശികളാണ്. ഇനി 12 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. മാനസികസംഘർഷം കുറയ്‌ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്‌ലൈനിലൂടെ 34 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 86 പേർ മാനസികസംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം തേടി. കോഴിക്കോട് കോർപറേഷൻ പരിധിയിൽ മൈക്ക് പ്രചാരണം നടത്തി.
കോഴിക്കോട്ട് ഇങ്ങനെ
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് - 21,239 പേർ
ആശുപത്രിയിൽ ഉള്ളത് - 17 പേർ
ഇതുവരെ പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകൾ- 257
നെഗറ്റീവായ ഫലം - 236
ജില്ലയിൽ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ-9