ബാലുശ്ശേരി: മദ്യ വിരുദ്ധ സമിതിയുടെ മുന്നണി പോരാളിയായിരുന്നു അന്തരിച്ച ഹാജി മാഹിൻ നെരോത്ത്. അശരണരുടെ അത്താണിയും കലാ, സാമൂഹിക, രാഷട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. കേരളത്തിലെ നിരവധി മദ്യഷാപ്പ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്ത് വിജയം കൈവരിച്ച നേതാവ്. പ്രൊഫ.എം.പി.മന്മഥൻ, ജി.കുമാരപ്പിള്ള എന്നിവർ നയിച്ച മദ്യ വിരുദ്ധ പോരാട്ടങ്ങളായ പാളയം സമരം, കൂവ്വപ്പാറ സമരം, മട്ടാഞ്ചേരി ,അങ്കമാലി, നരിപ്പറ്റ, അത്തോളി, നരിക്കുനി, പന്തീരാങ്കാവ് എന്നീ സമരങ്ങളിലും സ്വന്തം ജന്മനാടായ ബാലുശ്ശേരി കൈരളി റോഡിലെ വിദേശ മദ്യഷാപ്പിനെതിരെ 106 ദിവസത്തെ സമരത്തിനും നേതൃത്വം നൽകി വിജയം കൈവരിച്ചു.
കേരള മദ്യ നിരോധന സമിതി സംസ്ഥാന ട്രഷറർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്, ബുള്ള്യൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മദ്യഷാപ്പുകളില്ലാത്ത നാടുകണ്ട് കണ്ണടയ്ക്കണമെന്നായിരുന്നു ഹാജി മായിൻ നെരോത്തിന്റെ ആഗ്രഹമെന്ന് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർവട്ടം ഓർമ്മിച്ചു.