കോഴിക്കോട്: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് യൂണിറ്റായ കേരള സോപ്‌സിൽ നിന്ന് സാനിറ്റൈസർ വിപണിയിലേക്ക്. സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം വെള്ളയിൽ ഗാന്ധി റോഡ് കേരള സോപ്പ്‌സ് പരിസരത്ത് എ. പ്രദീപ് കുമാർ എം.എൽ.എ നിർവഹിച്ചു.
കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഉത്പന്നങ്ങൾ വിപണിയിൽ തയ്യാറാക്കാൻ മുഖ്യമന്ത്രി വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാനിറ്റൈസർ ഉത്പാദിപ്പിക്കുന്നതിന് വ്യവസായ മന്ത്രി കേരള സോപ്പിനെ ചുമതലപ്പെടുത്തിയത്.
60,000 ത്തോളം ബോട്ടിലുകൾ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 100 മില്ലി ലിറ്ററിന്റെ 25,000 ബോട്ടിലും 200 മില്ലി ലിറ്ററിന്റെ 15,000 ബോട്ടിലുമാണ് ഉത്പാദിപ്പിച്ചത്. തുടക്കത്തിൽ 100 എം.എൽ, 200 എം.എൽ ബോട്ടിലുകൾ യഥാക്രമം 49, 99 രൂപയ്‌ക്ക് ലഭ്യമാക്കും. കൺസ്യൂമർ ഫെഡ്, നീതി മെഡിക്കൽ സ്റ്റോർ എന്നിവ വഴിയും ആവശ്യമെങ്കിൽ നേരിട്ടും സാനിറ്റൈസർ ലഭിക്കും. കെ.എസ്.ഐ.ഇയുടെ എയർ കാർഗോ കോംപ്ലക്‌സിലാണ് ഉത്പാദനം നടത്തുന്നത്. ഉത്പാദനക്ഷമത കൂട്ടുന്നതിന്റെ ഭാഗമായി അടുത്ത് തന്നെ ഫില്ലിംഗ് മെഷീനും സ്ഥാപിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വി. ജയകുമാരൻ പിള്ള അറിയിച്ചു.
കൊറോണയെ പ്രതിരോധിക്കാൻ ലോകമാകെ സോപ്പും സാനിറ്റൈസും ഉപയോഗിക്കുമ്പോൾ ഗുണമേന്മയുള്ള സോപ്പുകളും സാനിറ്റൈസറും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കെ.എസ്.ഐ.ഇ ചെയൻമാൻ സക്കറിയ തോമസ് പറഞ്ഞു. ജനറൽ മാനേജർ വി ശശികുമാർ, അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ വി. ഷബീറലി, കേരള സോപ്‌സ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.എം. സുഭീഷ് തുടങ്ങിയവർ പങ്കെടുത്തു.