കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തികൾക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളുടെ ക്യാമ്പ് ഡെപ്യൂട്ടി കളക്ടർ സി. ബിജുവിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. വേതന കുടിശ്ശിക, ഭക്ഷ്യലഭ്യത എന്നിവ സംബന്ധിച്ച തൊഴിലാളികളുടെ പരാതിയിൽ മുഴുവൻ കരാറുകാരെയും താലൂക്ക് ഓഫീസിൽ വിളിച്ചു വരുത്തി.
സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മാർഗ നിർദ്ദേശ പ്രകാരമുള്ള നടപടികൾ ഉറപ്പാക്കുമെന്ന് കരാറുകാർ അറിയിച്ചു. വേതന കുടിശ്ശിക ഉടൻ നൽകാനും ലോക്ക് ഡൗൺ കാലയളവിൽ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകാനും തീരുമാനിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശവും നൽകി.
ജില്ലാ ലേബർ ഓഫീസർ വി.പി. രാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ്‌കുമാർ, വില്ലേജ് ഓഫീസർ പ്രഭാകരൻ നായർ, മർക്കസ് നോളജ് സിറ്റി ഓപറേഷൻ മാനേജർ സയ്ദ്മുഹമ്മദ്, പഞ്ചായത്ത് ഹെൽത്ത് ഓഫീസർ എന്നിവർ പങ്കെടുത്തു.