കോട്ടയം: കേരളത്തിലെ നിർമ്മാണമേഖല സ്തംഭനത്തിലേയ്ക്ക്. ക്രഷർ ഉത്പന്നങ്ങളുടെ ദൗർലഭ്യവും സിമന്റ്,​ കമ്പിയുടെ എന്നിവയുടെ വിലക്കയറ്റവും വെള്ളത്തിന്റെ ലഭ്യതക്കുറവുമെല്ലാം ചേർന്ന് നിർമ്മാണമേഖലയെ ശ്വാസംമുട്ടിക്കുകയാണ്. സിമന്റ് വില ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് നിർമ്മാണമേഖലയെ പ്രതിന്ധിയിലാക്കിയിട്ടുണ്ട്. 40 രൂപയാണ് ചാക്കൊന്നിന് വർദ്ധിപ്പിച്ചത്. എല്ലാ കമ്പനികളും ചേർന്നാണ് വില വർദ്ധിപ്പിച്ചതെങ്കിലും കച്ചവടം ഇടിഞ്ഞതോടെ അത് പത്തും ഇരുപതും രൂപയിൽ ഒതുങ്ങിപ്പോയി. എന്നാൽ,​ തമിഴ്‌നാട്ടിൽ സർക്കാറിന്റെ 'അമ്മ' ബ്രാൻഡ് സിമന്റിന് ഇപ്പോഴും 200 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ വീട് വയ്ക്കുവാനും മറ്റും ഈ സിമന്റാണ് പരക്കെ ഉപയോഗിക്കുന്നത്. കൂടാതെ സർക്കാർ റോഡ് നിർമ്മാണത്തിനും അമ്മ സിമന്റ് തന്നെയാണ് ഉപയോഗിക്കുന്നത്.

കമ്പി, കരിങ്കല്ല്, മിറ്റൽ, എം സാൻഡ് എന്നിവയുടെ വിലയും മുകളിലോട്ടുതന്നെയാണ്. ഏറ്റെടുത്ത നിർമ്മാണ ജോലികൾ പറഞ്ഞിരുന്ന തുകയ്ക്ക് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കരാറുകാർ. രണ്ടു മാസം മുമ്പ് ചതുരശ്ര അടിക്ക് 2000 രൂപയായിരുന്ന നിർമ്മാണ ചെലവ്. എന്നാൽ ഇപ്പോൾ ഇത് 2400 രൂപയാണ്.

ചെറിയ ക്വാറികൾ അടച്ചുപൂട്ടിയതോടെയാണ് ക്രഷർ ഉത്പന്നങ്ങളുടെ ക്ഷാമം രൂക്ഷമായത്. ഒരു ലോഡ് പാറയ്ക്ക് ഇപ്പോഴത്തെ വില 12,000 മുതൽ 13,000 രൂപ വരെയാണ്. ആറ് മാസം മുമ്പ് ഇത് 6,000 മുതൽ 7,000 രൂപ വരെയായിരുന്നു.വില ഇരട്ടിയായി എന്നു ചുരുക്കം.കെട്ടിട നിർമ്മാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എട്ട്.എം.എം കമ്പികൾക്ക് 50 രൂപയായിരുന്നത് ഇപ്പോൾ 55 രൂപയായി ഉയർന്നു. ബ്രാൻഡഡ് ഇനം കിട്ടണമെങ്കിൽ ഇതിലും കൂടുതൽ കൊടുക്കണം. ചരക്ക് സേവന നികുതി കൂട്ടിയതും നിർമ്മാണമേഖലയെ ദോഷകരമായി ബാധിച്ചു. ജലക്ഷാമം രൂക്ഷമായതോടെ കോൺക്രീറ്റിനും മറ്റും വലിയവിലകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടുണ്ട്. ഇത് നിർമ്മാണച്ചെലവ് വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ആവശ്യമായ ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ 30 ശതമാനം മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നതും പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി.

കരാറുകാരുടെ ആവശ്യം

 വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാകണം.

 വാർഷിക നിരക്ക് കരാറുണ്ടാക്കി വ്യവസായ വകുപ്പ് ലഭ്യമാക്കണം.

 അണക്കെട്ടുകളിലെയും നദികളിലെയും മണൽ സംഭരിക്കണം

 മണൽ സംഭരണത്തിന് സർക്കാർ തലത്തിൽ ഏജൻസിവേണം

 മലബാർ സിമന്റിന്റെ ഉത്പാദനം 20 ശതമാനമെങ്കിലും ഉയർത്തണം

നിർമ്മാണ സാമഗ്രികളുടെ

ഈ മാസത്തെ വില (രൂപയിൽ)

കമ്പി (എട്ട് എം.എം)......... 58.
മെറ്റൽ.........: 46 (40 എം.എം ക്യുബിക് അടി)
എം.സാൻഡ്.........: 57 (ക്യുബിക് അടി)
പി.സാൻഡ്..............: 68 (ക്യുബിക് അടി)
ബോളർ(ഒരു ലോഡ്) ...........: 4000