
തൃക്കൊടിത്താനം: മുക്കാട്ടുപടി-കുന്നുംപുറം റോഡിലെ വളവുകൾ അപകടഭീഷണി ഉയർത്തുന്നു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിനു മുൻവശമുള്ള രണ്ടു വളവുകളും പഞ്ചായത്തുപടിക്കു സമീപമുള്ള വളവുകളുമാണ് അപകടഭീതി പരത്തുന്നത്. തിരക്കേറിയ ചങ്ങനാശേരി-മല്ലപ്പള്ളി റോഡാണിത്. മുക്കാട്ടുപടി ഭാഗത്തുനിന്നും കുന്നുംപുറം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഇരുവശങ്ങളിലുമുള്ള മതിലിന്റെ ഉയരം കാരണം വാഹനങ്ങൾ കടന്നുവരുന്നതു കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ വീതിയും താരതമ്യേന കുറവാണ്. ക്ഷേത്രത്തിനു മുൻവശത്തുള്ള വളവുകളിൽ മിക്കവാറും അപകടങ്ങൾ പതിവാണ്. ആഴ്ചകൾക്ക് മുമ്പ് ഈ വളവിൽ ഒരു കാർ അപകടത്തിൽപ്പെട്ടിരുന്നു. മറ്റൊരു കാറും രണ്ട് ടൂവീലറുകളും അന്ന് അപകടത്തിൽപ്പെട്ടു. ടൂവീലറുകൾ പലപ്പോഴും ഈ വളവു തിരിയുമ്പോൾ അപകടത്തിൽപെടാറുണ്ട്. സമീപത്തെ സ്‌കൂളിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് ഈ വളവുകൾ പേടിസ്വപ്നമാണ്. മല്ലപ്പള്ളി, കുന്നന്താനം, തിരുവല്ല, പായിപ്പാട് ഭാഗങ്ങളിലേക്കുള്ള സ്വകാര്യബസുകൾ ധാരാളം കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ വളവാണെന്ന് തിരിച്ചറിയാതെ പായുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഏറെ പണിപ്പെട്ടാണ് റോഡ് മുറിച്ചുകടക്കുന്നത്. അടിയന്തിരമായി റോഡ് വീതി കൂട്ടുകയും ഉയരമേറിയ മതിലുകൾ പൊളിച്ച് താഴത്തി കെട്ടുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു.