കോട്ടയം: കുടുംബശ്രീ ഉത്പന്നങ്ങൾ എല്ലാ വീടുകളിലേക്കും എത്തിക്കാൻ 'വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം" ജനകീയ കാമ്പയിൻ തുടങ്ങുന്നു. കാമ്പയിൻ മൂന്ന് പ്രധാനപ്പെട്ട പരിപാടികളിലൂടെയാണ് സംഘടിപ്പിക്കുന്നത്.

മാർച്ച് 15ന് വിവിധ സി.ഡി.എസുകളിലെ സംരംഭകർ ഉത്പന്നങ്ങളുമായി വീടുകളിലെത്തും. ജില്ലയിൽ 78 സി.ഡി.എസുകളിലായി മുഴുവൻ വീടുകളിലേയ്ക്കും ഉത്പന്നങ്ങൾ എത്തിക്കും. കാർഷിക, സൂക്ഷ്മ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉത്പന്നങ്ങൾ കൂടുതൽ ജനപ്രിയമാക്കുകയും മെച്ചപ്പെട്ട പ്രാദേശിക വിപണി ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.

ഷീ ടോക്

മികച്ച സംരംഭങ്ങളെ കണ്ടെത്തി അവരുടെ വിജയഗാഥ ഇതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റു സംരംഭകർക്കുകൂടി പ്രയോജനപ്പെടുത്തുന്ന പരിപാടിയാണ് ഷീ ടോക്. മാർച്ച് എട്ടിന് രാവിലെ ലയൺസ് ക്ളബ് ഹാളിൽ അരിപ്പൊടി, കറിപ്പൊടി തുടങ്ങിയ പൊടി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭകരിൽനിന്നു മികച്ച മൂന്ന് പേരെ തിരഞ്ഞെടുത്ത് അവരുടെ അനുഭവവും വിജയവും മറ്റു സംരംഭകരുമായി പങ്കുവയ്ക്കും.

നാനോ മാർക്കറ്റ്

മാർച്ച് 16ന് സ്ഥിര വിപണനം ലക്ഷ്യമിട്ട് സൂപ്പർമാർക്കറ്റുകളിലോ കടകളിലോ കുടുംബശ്രീ ഉത്പന്നങ്ങളുടെ ഷെൽഫ് സ്‌പേസ് സ്ഥാപിക്കുകയും വിപണനം ചെയ്ത് സംരംഭകരുടെ വരുമാനം വർദ്ധിപ്പിക്കുകയുമാണ് നാനോ മാർക്കറ്റിലൂടെ ഉദ്ദേശിക്കുന്നത്. കാമ്പയിൻ വഴി എല്ലാ ബ്ലോക്കുകളിലും കുടുംബശ്രീ ഉത്പന്നങ്ങളുമായി ഹോംഷോപ്പ് സംവിധാനം വ്യാപിപ്പിക്കും.

 ലക്ഷ്യങ്ങൾ

 കുടുംബശ്രീ സംരഭകരുടെ ഉത്പന്നങ്ങളുടെ ഗുണമേന്മയും തനിമയും വീടുകളിൽ എത്തിച്ച് പരിചയപ്പെടുത്തുക

 കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരം പ്രദേശിക വിപണി കണ്ടെത്തുക

 കുടുംബശ്രീ പ്രവർത്തനങ്ങളുടെ വരുമാന സാദ്ധ്യതയെക്കറിച്ച് അവബോധമുണ്ടാക്കി പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുക