കോട്ടയം: സ്വർണവില 31000 കടന്നതോടെ പുതിയ സ്വർണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ബാങ്കിൽ പണയം വച്ചതും ലോക്കറിലുള്ളതുമായ സ്വർണം എടുത്ത് വിൽക്കുന്നവരുടെ എണ്ണം കൂടി. കാർഷിക സ്വർണ വായ്പയ്ക്ക് നാലു ശതമാനം പലിശ നിരക്കായിരുന്നു നേരത്തേ ബാങ്കുകൾ ഈടാക്കിയിരുന്നത്. അത് നിറുത്തലാക്കി പകരം മൂന്നു ലക്ഷം രൂപ വരെ പലിശ നിരക്ക് 8.3 % ആക്കി ഉയർത്തിയതോടെ കാർഷിക സ്വർണ വായ്പ എടുത്തവർ പണമടച്ചു സ്വർണം തിരിച്ചെടുത്തു തുടങ്ങി.
സാധാരണ സ്വർണ പണയ പലിശ പല ബാങ്കുകൾക്ക് പല നിരക്കാണ് . 9 ശതമാനത്തിന് മുകളിൽ പൊതുമേഖലാ ബാങ്കുകൾ ഈടാക്കുമ്പോൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ 14 ശതമാനം വരെ വാങ്ങാറുണ്ട്. സ്വർണ വില ഉയർന്നതിനൊപ്പം സ്വർണ പണയ തുക ബാങ്കുകൾ ഉയർത്തിയതുമില്ല .ഗ്രാമിന് 2800 രൂപ വരെയേ ബാങ്കുകൾ നൽകുന്നുള്ളു (പവന് 22400രൂപ ). ഇതോടെ സ്വർണം പണയം വയ്ക്കുന്നത് സാമ്പത്തിക നേട്ടമല്ലാതായി. സ്വർണവില പവന് മുപ്പതിനായിരം കടന്നിട്ടും അതിനനുസരിച്ച് പണയം വയ്ക്കുന്ന സ്വർണനിരക്ക് കൂട്ടാതെ വന്നതോടെയാണ് സ്വർണം വിറ്റ് പണമാക്കി മാറ്റാനുള്ള താത്പര്യം ഉപഭോക്താക്കളിൽ കൂടിയത്. സ്വർണം ലോക്കറിൽ വയ്ക്കുന്നതിന് മിനിമം ആയിരം രൂപയും ജി.എസ്.ടിയുമാണ് ഒരു വർഷത്തേക്ക് ഹയറിംഗ് ചാർജായി ബാങ്ക് ഈടാക്കുന്നത് . സ്വർണം വയ്ക്കുന്ന കവറിന്റെ വലിപ്പം കൂടിയാൽ (കൂടുതൽ സ്വർണം) ഇത് 2000 രൂപയും ജി.എസ്.ടിയും ചേർന്ന തുകയാകും. ഗ്രാമീണ മേഖലയിലുള്ല ബാങ്കുകൾക്ക് ലോക്കർ ഹയറിംഗ് നിരക്ക് കുറവും അർബൻ മെട്രോ മേഖലയിലുള്ളവയ്ക്ക് കൂടുതലുമാണ്.
വില കൂടിയതിനൊപ്പം വിൽപ്പന കുറയാതിരിക്കാൻ സ്വർണ വ്യാപാരികൾ വിവാഹ പാർട്ടികൾക്കും മറ്റും കൂടുതൽ സ്വർണം ആവശ്യമെങ്കിൽ നേരത്തേ പണമടച്ച് ബുക്ക് ചെയ്യാൻ സംവിധാനമൊരുക്കി . നേരത്തേ ബുക്ക് ചെയ്യുന്ന ദിവസത്തെ നിരക്കോ സ്വർണം വാങ്ങുന്ന ദിവസത്തെ നിരക്കോ ഏതാണ് കുറവ് അത് നൽകുന്ന പദ്ധതിയിൽ നേരത്തേ ബുക്ക് ചെയ്താൽ ആവശ്യമായ സ്വർണത്തിന്റെ വിലയുടെ 70 ശതമാനം വരെ അഡ്വാൻസ് നൽകണം. ഒരു മാസം മുമ്പെങ്കിൽ പത്തു ശതമാനം പണം നൽകിയാൽ മതി. ഉപയോഗിച്ച സ്വർണം വാങ്ങി മിനുക്കി വിൽക്കുന്ന (സെക്കന്റ്സ്) ചെറുകടകൾ തേടി സാധാരണക്കാർ എത്തിയതോടെ അവിടെയും തിരക്കായി.
വിൽക്കാൻ കാരണം
സ്വർണ്ണവില നിരന്തരം കൂടുന്നു
പണയനിരക്കിലുണ്ടായ വർദ്ധന
ബാങ്ക് ലോക്കർ ചാർജും കൂടി
പവന് 31000 രൂപ
വില കൂടിയതോടെ പഴയ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ബി.ജെ. പി സർക്കാർ കാർഷിക സ്വർണ പണയവായ്പ നിറുത്തലാക്കിയതോടെ എത്തുന്നവരിലേറെയും ഇത്തരക്കാരാണ്.
വിജയൻ, ചെറുകിട സ്വർണ്ണ വ്യാപാരി.