ചങ്ങനാശേരി : വേട്ടടി തോട് നവീകരണത്തിനിടെ ശുദ്ധജലവിതരണപൈപ്പ് പൊട്ടിയതിനെത്തുടർന്ന് നൂറിലേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ശുദ്ധജല വിതരണം മുടങ്ങിയതിനെ തുടർന്ന് എ.സി റോഡരികിൽ പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. സമീപത്തെ എ.സി കനാൽ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ മലിനമായതിനാൽ വാട്ടർ അതോറിട്ടി പൈപ്പിലൂടെ വിതരണം ചെയ്യുന്ന ശുദ്ധജലമാണ് പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയം. പൈപ്പിലൂടെ വല്ലപ്പോഴും എത്തിയിരുന്ന വെള്ളം ശേഖരിച്ചുവേണം ഇവർക്ക് കുടിക്കാനും മറ്റും ഉപയോഗിക്കാൻ. കിടങ്ങറ ഭാഗത്തേക്ക് വെള്ളം എത്തിച്ചിരുന്ന കുടിവെള്ളപൈപ്പ് ഒന്നാം പാലത്തിനു സമീപത്തു വച്ചാണ് പൊട്ടിയത്. ഏകദേശം മൂന്നാഴ്ചയായി കുടിവെള്ളം കിട്ടാതായിട്ടെന്ന് നാട്ടുകാർ പറയുന്നു.
വെള്ളത്തിൽ മാലിന്യം?
തോടിനു കുറുകെയുള്ള പൈപ്പ് ആയതിനാൽ മലിനജലം കയറാൻ സാധ്യതയേറെയാണ്. ഇത് വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പുതിയ പദ്ധതി തയാറാക്കി, ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് അവർ. ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. നിലവിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വാഹനങ്ങളിലും തലച്ചുമടായുമാണ് പലരും ശുദ്ധജലം ശേഖരിക്കുന്നത്. കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ താൽക്കാലികമായി പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.