gini-punnose
ചങ്ങനാശേരി പായിപ്പാട് കോട്ടമുറി പുതുജീവന്‍ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ചങ്ങനാശ്ശേരി താലൂക്ക് തഹസില്‍ദാര്‍ ജിനു പുന്നൂസ് നാട്ടുകാരോടും മാധ്യമങ്ങളോടും പരിശോധന വിവരങ്ങള്‍ അറിയിക്കുന്നു.

ചങ്ങനാശേരി : തൃക്കൊടിത്താനം കോട്ടമുറിയിലെ പുതുജീവൻ ട്രസ്റ്റ് മാനസികാരോഗ്യ - ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസികളുടെ കൂട്ടമരണം വൈറസ് ബാധയെ തുടർന്നാണെന്ന പ്രചാരണം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. സംഭവം അറിഞ്ഞ് എത്തിയവരെല്ലാം മുഖത്ത് മാസ്‌ക് ധരിച്ചതോടെ നാട്ടുകാരുടെ ആശങ്ക ഇരട്ടിയായി. വൈകിട്ടോടെ ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസും, തഹസീൽദാർ ജിനു പുന്നൂസും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഭീതി മാറിയത്. മരിച്ച മൂന്നു പേരുടെയും പരിശോധനാ ഫലത്തിൽ വൈറസ് ബാധയല്ലെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

തർക്കം , പ്രതിഷേധം

ഉച്ചയോടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി തടിച്ചു കൂടുകയായിരുന്നു. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരും പിന്തുണയുമായി എത്തിയതോടെ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെയും, തൃക്കൊടിത്താനം സി.ഐ സാജു വർഗീസിന്റെയും നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. സ്ഥാപനത്തിന്റെ ലൈസൻസ് പരിശോധിക്കണമെന്നും, രോഗികളെ മർദ്ദിക്കുന്നത് അവസാനിപ്പിക്കണമെന്നും, മാലിന്യം പുറത്തേയ്‌ക്ക് ഒഴുക്കുന്നത് തടയണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കും സംഘർഷാവസ്ഥയ്‌ക്കും ഒടുവിൽ നാട്ടുകാരുടെ ആവശ്യങ്ങൾ പൊലീസ് അംഗീകരിച്ചു. ദുരൂഹ മരണത്തിൽ അന്വേഷണം നടത്തുന്നതോടൊപ്പം രോഗികളെ മർദ്ദിക്കുന്നത് തടയാൻ രാത്രിയിൽ സ്ഥാപനത്തിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.