അടിമാലി: കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണവേദി ഇന്ന് കല്ലാർകുട്ടിയിൽ പ്രക്ഷോഭ സമരം നടത്തുമെന്ന് സംരക്ഷണവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കല്ലാർകുട്ടിയിലെ കർഷകർക്ക് പട്ടയം നൽകാമെന്ന് 1968ൽ സമർപ്പിച്ച മാത്യുമണിയങ്ങാടൻ കമ്മീഷൻ റിപ്പോർട്ടിലുൾപ്പെടെ സൂചിപ്പിച്ചിട്ടും മാറി മാറി വരുന്ന സർക്കാരുകൾ ഇത് അവഗണിക്കുകയാണ്.ഇരട്ടയാർ ഉൾപ്പെടെയുള്ള മേഖലകളിലെ കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമ്പോൾ തങ്ങളെ മാത്രം പരിഗണിക്കാത്തത് ഇരട്ടത്താപ്പാണ്.ജില്ലയിൽ കഴിഞ്ഞ തവണ നടന്ന പട്ടയമേളക്ക് മുന്നോടിയായി പട്ടയം എന്ന ആവശ്യമുന്നയിച്ച് സംരക്ഷണവേദി റവന്യുമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും നിവേദനവും സമർപ്പിച്ചിരുന്നു. വീണ്ടും മെല്ലപ്പോക്ക് തുടരുന്ന സാഹചര്യത്തിലാണ് തുടർസമരപരിപാടികൾക്ക് കല്ലാർകുട്ടിയിലെ കർഷകർ കളമൊരുക്കുന്നത്.അടിമാലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംരക്ഷണവേദി ഭാരവാഹികളായ പി വി അഗസ്റ്റിൻ, ജയിൻസ് യോഹന്നാൻ,കെ ബി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.