puthujevvan

കോട്ടയം: തൃക്കൊടിത്താനം പുതുജീവൻ ലഹരിവിമോചന കേന്ദ്രത്തിൽ എട്ടുവർഷത്തിനിടെ മൂന്ന് ആത്മഹത്യയടക്കം 33 മരണം. 2012ൽ സ്ഥാപനം ആരംഭിച്ചത് മുതലുള്ള കണക്കാണിത്.

അടുത്തിടെ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു മരണം സംഭവിച്ചത് വിവാദമായതോടെ

ആശുപത്രിയെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ എത്തിയ എ.ഡി.എം അനിൽ ഉമ്മനോടാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവനൊടുക്കിയ മൂന്നുപേരും മനോദൗർബല്യത്തിന് ചികിത്സയ്ക്കെത്തിയവരാണ്. മറ്റുള്ള

30 പേരും വിവിധ രോഗങ്ങൾ മൂലം മരിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. അമ്പതിനും അമ്പത്തഞ്ചിനും ഇടയ്ക്ക് പ്രായം വരുന്നവരാണ് മരിച്ചവരിലേറെയും. മൃതദേഹങ്ങളെല്ലാം നിയമ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

അതേസമയം, സ്ഥാപനത്തെക്കുറിച്ച് പരാതി ഉയർന്നതോടെ അന്തേവാസികളെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടു പോവുകയാണ്. മാനസിക രോഗവിഭാഗത്തിൽ കഴിഞ്ഞിരുന്ന 17പേരെ ഇന്നലെ കൂട്ടിക്കൊണ്ടുപോയി. കൂടുതൽ പേരെ കൊണ്ടുപോകാനായി ബന്ധുക്കൾ വിളിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് എ.ഡി.എം അനിൽ ഉമ്മൻ നാലുകോടിയിലെ അഗതി മന്ദിരത്തിലും പിന്നീട് കോട്ടമുറിയിലെ മാനസികരോഗചികിത്സാലയത്തിലും എത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. പരാതി നൽകിയവരിൽ നിന്ന് എ.ഡി.എം വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് പരിസരവാസികൾക്കുള്ള പരാതിയെക്കുറിച്ചും അന്വേഷിച്ചു.

 ദുരൂഹത നീക്കാൻ ലാബ് റിപ്പോർട്ട് വരണം

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശ പ്രകാരം കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക മെഡ‌ിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട് . മനോദൗർബല്യമുള്ളവർ മരിച്ചത്, കഴിച്ച മരുന്നിലെ വിഷാംശം മൂലമാണെന്ന സംശയമുണ്ടെങ്കിലും സ്ഥിരീകരണത്തിന് വിവിധ ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വരണം. ആന്തരികാവയവയങ്ങൾ വിവിധ ലാബുകളിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . റിപ്പോർട്ട് വന്നതിനുശേഷമേ മെഡിക്കൽ സംഘം മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. മെഡിക്കൽ കോളേജിൽ കഴിയുന്നവരിൽ ഒരാൾ മാത്രമാണ് ഐ.സി.യുവിലുള്ളത്.