കോട്ടയം: പാപ്പാൻ സ്ഥാനത്തു നിന്നു വിരമിച്ചിട്ടും നടേശനെ തിരുനക്കര ശിവന്റെ പാപ്പാനായി ദേവസ്വം ബോർഡ് നിയമിച്ചതോടെ ഇനി മർദ്ദനമേറ്റ് പുതിയ ചട്ടം പഠിക്കേണ്ടെന്ന് ശിവന് ആശ്വസിക്കാം. 14ന് കൊടിയേറുന്ന തിരുനക്കര ക്ഷേത്രോത്സവത്തിന് തിടമ്പേറ്റാനും മദപ്പാടൊഴിഞ്ഞ ശിവന് ഇതോടെ വഴിയൊരുങ്ങി.

പാപ്പാനായിരുന്ന മനോജിനെ ചിറക്കടവിലേക്ക് സ്ഥലം മാറ്റിയിരുന്നു. പുതിയ പാപ്പാന്റെ കീഴിൽ ചട്ടം പഠിച്ചിറങ്ങാൻ സമയമെടുക്കുമെന്നതിനാൽ ശിവന് തിരുനക്കര പൂരത്തിന് തിടമ്പേറ്റാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ആന പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് ശിവന്റെ പഴയ പാപ്പാനായ നടേശന് ദേവസ്വം ബോർഡ് പുനർ നിയമനം നൽകുകയായിരുന്നു. നടേശൻ പാപ്പാനായിരുന്നപ്പോൾ ശിവൻ അനുസരണക്കേട് കാണിച്ചിട്ടില്ല. അതു കൊണ്ട് നടേശന്റെ തിരിച്ചുവരവ് ആന പ്രേമികളെയും ആഹ്ലാദത്തിലാഴ്ത്തി. ഈ ആഴ്ച തന്നെ ശിവനെ തിരുനക്കര ക്ഷേത്ര വളപ്പിലേക്ക് കൊണ്ടു വരുമെന്നും ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമെന്നും ആന പ്രേമികൾ പ്രതീക്ഷിക്കുന്നു. മാറിമാറി വരുന്ന പുതിയ പാപ്പാൻമാർ ശിവനെ മർദ്ദിച്ചു ചട്ടം പഠിപ്പിക്കുന്നതിനെതിരെ ഭക്തജനങ്ങൾ രംഗത്തു വന്നിരുന്നു. തുടർന്ന് ആനപ്രമികളുടെ അഭ്യർത്ഥന മാനിച്ച് ശിവന്റെ പാപ്പാനായി ചിറക്കടവിൽ നിന്ന് മനോജിനെ കൊണ്ടുവന്നു. പിന്നീട് മനോജിനെ വീണ്ടും ചിറക്കടവിലേക്ക് മാറ്റി. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ശിവനെ മകനെപ്പോലെ സംരക്ഷിച്ചിരുന്ന നടേശനെ വിരമിച്ചിട്ടും ദേവസ്വം ബോർഡ് തിരിച്ചു കൊണ്ടുവന്നത്. ആറുമാസത്തോളമായി മദപ്പാടിൽ ചെങ്ങളം ദേവീ ക്ഷേത്ര വളപ്പിൽ കെട്ടിയിരുന്ന തിരുനക്കര ശിവൻ ദേവസ്വം ബോർഡ് വെറ്ററിനറി ഓഫീസർ ഡോ. ശശീന്ദ്രദേവിന്റെ നിർദ്ദേശാനുസരണം പ്രത്യേക ചികിത്സയിലും പരിചരണത്തിലും സംരക്ഷണത്തിലുമായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അഞ്ചു ലക്ഷത്തോളം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശിവന്റെ മദപ്പാട് ചികിത്സക്കായി ചെലവഴിച്ചു. വിരിഞ്ഞ മസ്തകവും നീണ്ട തുമ്പിക്കൈയും തലയെടുപ്പിലും സൗന്ദര്യത്തിലുമെല്ലാം കേരളത്തിലെ നാട്ടാനകളിൽ മുന്നിൽ നിന്ന് തൃശൂർ പൂരത്തിന് എഴുന്നള്ളിച്ചിട്ടുള്ള ലക്ഷണമൊത്ത നാട്ടാനയായ ശിവൻ തിരുനക്കര അപ്പന്റെ തിടമ്പേറ്റുന്നതിനായി കാത്തിരിക്കുകയാണ് ആനപ്രേമികൾ .