പാലാ : യു.ഡി.എഫിന് ഏറെ ആത്മവിശ്വാസം നല്കിയ നേതാവായിരുന്നു കെ.എം.മാണിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പി.ടി.ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം കെ.എം.മാണിയുടെ വീട്ടിലെത്തി സഹധർമ്മിണി കുട്ടിയമ്മയ്ക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണാനന്തര ബഹുമതിയായ ഈ പുരസ്‌കാരം സമർപ്പിക്കുമ്പോൾ സന്തോഷവും, ദുഖവുമുണ്ട്. കെ.എം.മാണിയുടെ രാഷ്ട്രീയ ഗുരുവായ പി.ടി.
ചാക്കോയുടെ പേരിലുള്ള അവാർഡ് നല്കാൻ സാധിച്ചെന്ന സന്തോഷവും കൂടെ അദ്ദേഹം ഇല്ലല്ലോ എന്ന ദു:ഖവും. ഏത് വിവാദവും, തർക്കങ്ങളും ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പരിഹരിച്ചിരുന്ന വ്യക്തിയായിരുന്നു മാണി. താൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ മാണി
ഭരിച്ചു കൊണ്ടിരുന്ന ധനകാര്യം, നിയമം, പാർലമെന്ററി കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമേ
ഇല്ലായിരുന്നു. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫ് ഗവൺമെന്റിനെ ഓർക്കുന്നത് പാവപ്പെട്ട രോഗികൾക്ക് ആശ്വാസം നല്കിയ കെ.എം.മാണി തുടങ്ങിയ കാരുണ്യ പദ്ധതിയുടെ പേരിലാണ്. തങ്ങൾ ഭരിച്ച കാലഘട്ടത്തിൽ നാലുലക്ഷത്തി പതിനാലായിരം വീടുകൾ നല്കി. അതിന് പരസ്യം നൽകാനോ,
പാലുകാച്ചിനോ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ്.കെ.മാണി എം.പി, നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക്,നിഷ ജോസ്. കെ.മാണി എന്നിവരും പങ്കെടുത്തു.