പാലാ : മുതിർന്ന തലമുറയെ സ്‌നേഹാദരങ്ങളുടെ പൊന്നാട ചാർത്തിയപ്പോൾ അവരുടെ മിഴികളിൽ നിന്നുതിർന്നത് അനുഗ്രഹങ്ങളുടെ പൂമഴ. കൊണ്ടാട് ശ്രീസുബ്രഹ്മണ്യ-ഗുരുദേവ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവത്തോടനുബന്ധിച്ചാണ് ഇന്നലെ രാത്രി ശ്രീനാരായണ സമൂഹത്തിലെ എൺപതിന് മേൽ പ്രായമുള്ള 85 പേരെ ക്ഷേത്ര യോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ പൊന്നാട ചാർത്തി ആദരിച്ചത്. സമുദായത്തിനും സമൂഹത്തിനും കൊണ്ടാട് ക്ഷേത്രത്തിനും വേണ്ടി ഏറെ വിയർപ്പൊഴുക്കിയ മുൻ തലമുറയ്ക്ക് ആദരവിന്റെ പൊന്നാട ചാർത്താൻ രാമപുരം എസ്.എൻ.ഡി. പി ശാഖാ കമ്മിറ്റിയും കൊണ്ടാട് ക്ഷേത്രം ദേവസ്വം ഉത്സവക്കമ്മിറ്റിയും സംയുക്തമായി തീരുമാനിക്കുകയായിരുന്നുവെന്ന് നേതാക്കളായ സുകുമാരൻ പെരുമ്പ്രായിൽ, സന്തോഷ് കിഴക്കേക്കര, സുധാകരൻ വാളി പ്ലാക്കൽ, സി.ടി.രാജൻ, രവി കൈതളാവും കര, വനജാ ശശി, രവി കണി കുന്നേൽ, വിജയൻ വാളി പ്ലാക്കൽ, രാമകൃഷ്ണൻ കാരോക്കൽ, ശശി പറോട്ടിയേൽ, പ്രകാശ് നടയൻ ചാലിൽ, സലിജ സലിം എന്നിവർ പറഞ്ഞു.
കൊടിയേറ്റിനു മുമ്പ് 80 വയസ് പിന്നിട്ട 85 പേരെയും കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആദരിച്ചിരുത്തി. ആദര സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും മീനച്ചിൽ യൂണിയൻ ചെയർമാനുമായ എ.ജി. തങ്കപ്പനായിരുന്നു വിശിഷ്ടാതിഥി. ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും മുതിർന്ന ആൾ 105 വയസുള്ള വാളിപ്ലാക്കൽ ഗോവിന്ദൻ, കൊണ്ടാട് ക്ഷേത്രം തന്ത്രി കൂടിയായ 85 പിന്നിട്ട പി.യു.ശങ്കരൻ, മുൻരാമപുരം ശാഖാ പ്രസിഡന്റ് സി.എ. മാധവൻ ചുള്ളിക്കാട്ട് എന്നിവർക്കായിരുന്നു ആദരം. എ.ജി. തങ്കപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള 83 പേരെയും മീനച്ചിൽ യൂണിയൻ ഭരണ സമിതി അംഗങ്ങളായ ഷിബു കല്ലറയ്ക്കൽ, രാജൻ കൊണ്ടൂർ, ഏഴാച്ചേരി ശാഖാ പ്രസിഡന്റ് രാമകൃഷ്ണൻ തയ്യിൽ ,ശശി പാണ്ടിക്കാട്ട് എന്നിവരും യൂണിയൻ പ്രതിനിധി സി.ടി.രാജൻ, മുൻ യൂണിയൻ സെക്രട്ടറി ഷാജി ഇല്ലിമൂട്ടിൽ എന്നിവരും രാമപുരം ശാഖാ നേതാക്കളും വനിതാസംഘം യൂത്ത്മൂവ്‌മെന്റ് നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചാദരിച്ചു. ആദരിക്കപ്പെട്ടവരുടെ പ്രതിനിധിയായി പൊതുപ്രവർത്തകൻ കൂടിയായ കെ.എസ്.മാധവൻ, മുൻ ശാഖാ പ്രസിഡന്റ് സി.എ. മാധവൻ ചുള്ളികാട്ട് എന്നിവർ മറുപടി പറഞ്ഞു. വിഭവസമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു.