വെള്ളത്തൂവൽ (ഇടുക്കി): വഴിയരികിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ആയിരമേക്കറിൽ കുന്നക്കാട്ട് പരേതനായ ജോയിയുടെ ഭാര്യ ഷൈലയാണ് (50) മരിച്ചത്. വെള്ളത്തൂവൽ വിമലാസിറ്റിയിൽ രാവിലെ 11 മണിയോടെയായിരുന്നു അപകടം. അടിമാലിയിൽ നിന്നു രാജാക്കാടിന് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ പാതയോരത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. തുടർന്ന് വഴിയരികിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോ ഡ്രൈവർ വെള്ളത്തൂവൽ കാളകെട്ടിയിൽ ജോമറ്റ് ജോർജ്ജിനും (35) ബസ് കാത്ത് നിന്നുരുന്ന ഇരുന്നൂറേക്കർ സ്വദേശിനി പെരുമത്തയത്ത് ഗീതാ ജേക്കബിനും (60) ഷൈലയ്ക്കും പരിക്കേറ്റു. മൂവരേയും അടിമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികത്സക്കായി കൊണ്ടുപോകുംവഴിയായിരുന്നു ഷൈലയുടെ മരണം. മറ്റു രണ്ടുപേരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളത്തൂവൽ പൊലീസ് കാർ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഉറങ്ങി പോയതാകാം അപകടകാരണം. കാറിൽ മൂന്നു യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ഷൈലയുടെ കുടുംബം ഏതാനും മാസംമുമ്പാണ് മാങ്കുളം വിരിപാറയിൽനിന്നും ആയിരമേക്കറിലേയ്ക്ക് താമസം മാറ്റിയത്.മക്കൾ ജിനു, ജോജോ, ജിബിൻ .മരുമകൾ. നന്ദിത .സംസ്‌കാരം പിന്നീട്.