കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റായി എം.മധുവിനെയും സെക്രട്ടറിയായി ആർ.രാജീവിനെയും വൈസ് പ്രസിഡന്റായി വി.എം ശശിയെയും വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര രാജപ്പൻ, കൊച്ചുമോൻ റ്റി.എൻ, പി.എൻ. ദേവരാജൻ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക് യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ മേൽനോട്ടം വഹിച്ചു. യൂണിയന്റെ 2018 - 19 വർഷത്തെ കണക്കുകളും 2020 - 21 ലേയ്ക്കുളള ബഡ്ജറ്റും ചർച്ച ചെയ്തു പാസാക്കി. 51 കോടി 40 ലക്ഷം രൂപയുടെ ചെലവ് വരുന്ന ബഡ്ജറ്റിൽ പാലിയേറ്റീവ് കെയർ സെന്റർ, നാഗമ്പടം ക്ഷേത്രചുറ്റമ്പല നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം, മൈക്രോഫിനാൻസ് പദ്ധതി നടത്തിപ്പുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ഉദ്യോഗകയറ്റത്തിനായി സംവരണവും ക്വോട്ടയും അനുവദിക്കുന്നതു മൗലിക അവകാശമല്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിലേയ്ക്ക് ഇന്ത്യൻ പാർലമെന്റ് നിയമനിർമ്മാണം നടത്തണമെന്ന ആവശ്യത്തെ പിൻതാങ്ങുന്ന പ്രമേയവും, അംഗവീടുകളിലെ സത്ക്കാരവും ധൂർത്തും, മാംസ- മദ്യ സത്ക്കാരവും നിറുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. യൂണിയൻ സെക്രട്ടറി ആർ.രാജീവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.