പാലാ : ശബരീശസന്നിധിയുടെ മാതൃകയിലുള്ള കൂറ്റൻ സ്തംഭത്തിൽ പതിനായിരക്കണക്കിന് മൺചിരാതുകൾ മിഴിതുറന്നതോടെ വള്ളിച്ചിറ പിഷാരുകോവിൽ ദേശവിളക്ക് വർണവിസ്മയമായി. സ്തംഭത്തിൽ മാത്രം അൻപതിനായിരത്തോളം മൺചിരാതുകളാണ് ഒരുക്കിയിരുന്നത്. വൈകിട്ട് ഏഴിന് ക്ഷേത്രം മേൽശാന്തി എം.എസ്.അനീഷ് ദേശവിളക്കിന്റെ ആദ്യദീപം തെളിയിച്ചു. തുടർന്ന് ക്ഷേത്രമൈതാനത്ത് ഒരുക്കിവച്ചിരുന്ന ആയിരത്തോളം നിലവിളക്കുകളും നൂറുകണക്കിന് വോളണ്ടിയർമാർ ചേർന്ന് പ്രകാശപൂരിതമാക്കിയതോടെ ക്ഷേത്രമൈതാനം ദീപക്കടലായി മാറി.
ഇന്നലെ രാവിലെ ക്ഷേത്രമൈതാനത്ത് നടന്ന കാർത്തികപൊങ്കാലയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് പൊങ്കാല ദീപാരാധന നടന്നു. ഉത്സവ സമാപനദിവസമായ ഇന്ന് വൈകിട്ട് 4 ന് താമരക്കുളം ജംഗ്ഷനിൽ നിന്ന് താലപ്പൊലി ഘോഷയാത്രയുണ്ട്. ക്ഷേത്രത്തിലേക്ക് എത്തുന്ന വഴിയിൽ രണ്ടരയേക്കറോളം വരുന്ന കോവിൽപ്പാടത്ത് ദീപക്കാഴ്ചയൊരുക്കിയാണ് ഘോഷയാത്രയെ ഭക്തർ വരവേല്ക്കുന്നത്. ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ വിവിധവർണങ്ങളിലുള്ള നൂറുകണക്കിന് വൈദ്യുതാലങ്കാരക്കൂട്ടമാണ് പാടത്ത് തയ്യാറാക്കിയിരിക്കുന്നത്. രാത്രി 9ന് സിനിമാ, ടിവി താരങ്ങൾ അണിനിരക്കുന്ന ഗാനമേളയും കോമഡി ഷോയും അരങ്ങേറും.