ചങ്ങനാശേരി: സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിന് ബഡ്ജറ്റിൽ 8000 കോടി രൂപയാണ് ധനമന്ത്രി തോമസ് ഐസക്ക് അനുവദിച്ചിരിക്കുന്നതെന്നും സംഘടിത മത ശക്തികൾക്കും സവർണ ശക്തികൾക്കും മാത്രം അധികമായി സർക്കാർ സഹായം എത്തുമ്പോൾ സമുദായത്തിന് ഇതെല്ലാം കണ്ട് നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 1688ാം ഇത്തിത്താനം കിഴക്ക് ശാഖയിലെ ഗുരുസാഗരം പുരുഷസ്വയംസഹായസംഘത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമുദായം സാമ്പത്തികമായി വളരെ പിന്നിലാണ്. ഈ അവസ്ഥ മാറണമെങ്കിൽ സമ്പത്ത് കണ്ടെത്തണം. സമ്പത്താണ് വളർച്ചയുടെ അടിസ്ഥാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങളെ മുന്നോട്ടു കൊണ്ടുവരാനാണ് മൈക്രോ ഫിനാൻസ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഓരോ അംഗങ്ങളുടെയും കുടുംബഭദ്രതയാണ് ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയ പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു. ആര് ചെയ്തു എന്നതല്ല, എന്ത് ചെയ്തു എന്നതിനാണ് പ്രാധാന്യം. കേരളത്തിൽ ആദ്യമായാണ് സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നല്കുന്നത്. ഇത് ഏറെ അഭിമാനകരവും അഭിനന്ദനാർഹവുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പീച്ചാങ്കേരിൽ സിനോഷിനാണ് വീട് നിർമ്മിച്ചു നൽകിയത്. ശാഖാ പ്രസിഡന്റ് എ.എസ് സലീം അദ്ധ്യക്ഷത വഹിച്ചു. കോൺട്രാക്ടർമാരായ ശാന്തപ്പൻ മരോട്ടിക്കുളം, വിഷ്ണു മാത്തംപറമ്പിൽ, സുഭാഷ് പങ്ങാളിപ്പറമ്പിൽ എന്നിവരെ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദരിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ പി.എൻ. പ്രതാപൻ, പി.ബി. രാജീവ്, സി.ജി. രമേശ്, സുഭാഷ്, യൂണിയൻ കമ്മിറ്റിയംഗം പി.ആർ. ബാബു, രാജമ്മ ടീച്ചർ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, വൈദിക സമിതി പ്രസിഡന്റ് ഷിബു ശാന്തി, സൈബർസേന കൺവീനർ മനോജ്, വനിതാസംഘം പ്രസിഡന്റ് വിജയമ്മ കൃഷ്ണൻ, വനിതാസംഘം സെക്രട്ടറി രാധാമണി ബാബു, ഗുരുസാഗരം ജോയിന്റ് കൺവീനർ ആരോമൽ ഭാസ്‌ക്കരൻ എന്നിവർ പങ്കെടുത്തു. ഗുരുസാഗരം കൺവീനർ പി.എം സുഭാഷ് സ്വാഗതവും ശാഖാ സെക്രട്ടറി സി.ജി സുനിൽ നന്ദിയും പറഞ്ഞു.