കറുകച്ചാൽ: വീട്ടമ്മയുടെ കയ്യിൽ തറച്ച മരക്കഷണം നീക്കം ചെയ്തു. തോട്ടയ്ക്കാട് ഗവ.ആശുപത്രിയിലെ ഡോക്ടർമാർ വീട്ടമ്മയുടെ കൈയ്യിൽ നിന്നും പുറത്തെടുത്തത് മൂന്ന് ഇഞ്ച് നീളമുള്ള മരക്കഷണം. ചമ്പക്കര തൈപ്പറമ്പ് ലീലാദേവി (60)യുടെ കൈയിൽ നിന്നാണ് മരക്കഷണം പുറത്തെടുത്തത്. കഴിഞ്ഞ 20ന് വൈകീട്ട് ലീലാദേവി വീടിന് സമീപത്തെ പുരയിടത്തിൽ വീണിരുന്നു. കൈത്തണ്ട മുറിഞ്ഞ് രക്തം വന്നതോടെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറുവിൽ തുന്നലിട്ടശേഷം വീട്ടിലേക്കു മടങ്ങി.
പിന്നീട് വേദന കൂടി ആശുപത്രിയിലെത്തിച്ചപ്പോഴും കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും വേദന കൂടിയതോടെ ലീലാദേവി തോട്ടയ്ക്കാട് ഗവ.ആശുപത്രിയിൽ ചികിത്സതേടി. ഇത് വൃത്തിയാക്കിയപ്പോഴാണ് മരക്കക്കഷണം കണ്ടെത്തിയത്. തുടർന്ന് ഇത് നീക്കം ചെയ്തു. സ്വകാര്യാശുപത്രിക്കെതിരെ പരാതി കൊടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.