ചങ്ങനാശേരി : വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിൽ തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ചുറ്റമ്പത്തിലെ രണ്ട് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. ഇന്ന് പുലർച്ചെയാവാം സംഭവമെന്ന് കരുതുന്നു. അമ്പലത്തിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ വഴിയോരത്തുള്ള കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
പട്രോളിംഗ് പൊലീസ് വെളുപ്പിന് 2.15ന് അതുവഴി പോയിരുന്നു. പൊലീസ് സാന്നിദ്ധ്യം മനസിലാക്കിയാവണം കൂടുതൽ മോഷണം നടത്താൻ തുനിയാതെ കവർച്ചക്കാർ കടന്നത്. അതിന് മുമ്പ് കാണിക്കവഞ്ചിയുടെ താഴുകൾ തകർത്ത് പണം കവർന്നിരിക്കാമെന്നാണ് സൂചന.
വിവരമറിഞ്ഞ് വെളുപ്പിനെ തന്നെ ഡിവൈ.എസ്.പി എസ്.ശ്രീകുമാർ, സി.ഐ പി.വി.മനോജ് കുമാർ, എസ്.ഐ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിഗദ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്ഥിര ക്ഷേത്രമോഷ്ടാക്കളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.