കോട്ടയം: കുമളിയിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചത്.

കുമളി - കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സർവീസ് കഴിഞ്ഞ് കുമളിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പതിവുപോലെ ക്ലീനർ രാജൻ ഇതിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ, രാജൻ വീട്ടിൽ പോയിരുന്നുവെന്നാണ് മറ്റുള്ളവർ ധരിച്ചിരുന്നത്. ബസിൽ തീപടരുന്നത് കണ്ട് സമീപ ബസിലെ ജീവനക്കാർ തീയണക്കാനായി ഓടിക്കൂടി. തുടർന്ന് എത്തിയ ഫയർഫോഴ്‌സ് എറെ ശ്രമിച്ച ശേഷമാണ് തീ അണച്ചത്. ഇതിനിടെയാണ് രാജൻ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്.

രാജന്റെ മൃദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തെ പെട്രോൾ പമ്പിലേക്ക് തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അറിയുന്നു.വിശദമായ അന്വേഷണം നടക്കും.