കോട്ടയം: രണ്ടു മാസത്തിനിടെ അറുപത് പേരുടെ ജീവനെടുത്ത ജില്ലയിലെ റോഡുകളിൽ നാറ്റ് പാക് സംഘം ഇന്ന് പരിശോധന നടത്തും. കറുത്ത കേന്ദ്രങ്ങളായി കണ്ടെത്തിയ പത്ത് സ്ഥലങ്ങളിലാണ് നാറ്റ്പാക്കും, റോഡ് സുരക്ഷാ അതോറിട്ടിയും, മോട്ടോർ വാഹന വകുപ്പും, പൊലീസും, പൊതുമരാമത്ത് വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. നിരന്തരം അപകടങ്ങൾ ഉണ്ടായ 40 സ്ഥലങ്ങളിൽ നിന്നാണ് ബ്ലാക്കോ സ്‌പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തുടർ പഠനം നടത്താൻ നിർദേശിച്ചിരിക്കുന്നത്. പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ അപകട കാരണങ്ങൾ കണ്ടെത്തുന്നതിനടക്കം വിശദമായ സർവേ ആവശ്യമെങ്കിൽ നടത്തും. ഈ സർവേയ്‌ക്കു ശേഷമാവും ഇവിടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു തീരുമാനം എടുക്കുക.
രണ്ടാം ഘട്ടമായി നടക്കുന്ന പരിശോധനയിൽ റോഡിന്റെ നിർമ്മാണ രീതി, വെളിച്ചം, മാർക്കിംഗുകൾ, മുന്നറിയിപ്പു ബോർഡുകൾ, പ്രധാന റോഡിലേയ്‌ക്കു വന്നു ചേരുന്ന ഇടറോഡുകൾ എന്നിവയെല്ലാം പരിശോധിക്കും. സ്ഥിരം അപകട വേദിയായ കണ്ടെത്തിയതിൽ മൂന്നെണ്ണം കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലാണ്. ചങ്ങനാശേരി, ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ രണ്ടെണ്ണവും ബ്ലാക്ക് സ്‌പോട്ടായി കണ്ടെത്തിയിട്ടുണ്ട്. ആകെയുള്ള പത്തിൽ അഞ്ചും എം.സി റോഡിലാണ്.
40ൽ പതിനഞ്ചും പരിശോധിക്കണം
എം.സി. റോഡിൽ കഴിഞ്ഞ മാസം പരിശോധിച്ച 40 ൽ 15 ഇടങ്ങളിലും വിശദമായ പഠനം വേണമെന്ന് നാറ്റ് പാക്ക്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിലാണ് വിഷയം നാറ്റ് പാക് അവതരിപ്പിച്ചത്. എം.സി. റോഡിൽ നിത്യേന അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലായിരുന്നു തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നാറ്റ്പാക് പരിശോധനയ്ക്കു നിർദേശിച്ചത്.
കറുത്ത കേന്ദ്രങ്ങൾ ഇങ്ങനെ
പാലാ - ഹോട്ടൽ ബയോൺ മുതൽ ളാലം പാലം ജംഗ്ഷൻ വരെ
കുറവിലങ്ങാട് - തോട്ടുവാ ജംഗ്ഷനു 180 മീറ്റർ മുമ്പ് മുതൽ ഭാരത് ടിമ്പേഴ്സ് കഴിഞ്ഞു 240 മീറ്റർ വരെ
കുറവിലങ്ങാട് - കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് മുതൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വരെ
കുറവിലങ്ങാട്- വെമ്പള്ളി പോസ്റ്റ് ഓഫീസ് കഴിഞ്ഞു 100 മീറ്റർ മുതൽ വെമ്പള്ളി തെക്കേക്കവല വരെ
ഏറ്റുമാനൂർ - വില്ലേജ് ഓഫീസ് മുതൽ ബസ് സ്റ്റാൻഡ് കവാടം വരെ
അതിരമ്പുഴ - പണ്ടാരക്കളം ഫിനാൻസ് മുതൽ എസ്.ബി.ഐ.വരെ
ഗാന്ധിനഗർ - നാഗമ്പടം സീയേഴ്സ് ജംഗ്ഷൻ മുതൽ ജില്ലാ ഹോമിയോ ആശുപത്രി വരെ
കോട്ടയം - കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റൽ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി മുതൽ ലോഗോസ് ജംഗ്ഷൻ വരെ.
ചങ്ങനാശേരി - വലിയകുളം ഡിവൈൻ നഗർ റോഡ് ജംഗ്ഷൻ കഴിഞ്ഞുള്ള 80 മീറ്റർ മുതൽ എസ്.ബി.ഐ. എ.ടി.എമ്മിനു മുമ്പുള്ള 150 മീറ്റർ വരെ
ചങ്ങനാശേരി- തുരുത്തി മുളമൂട്ടിൽ ഗോൾഡ് ലോൺ മുതൽ - മാരുതി സർവീസ് സെന്റർ വരെ.