വൈക്കം : പ്രളയ ദുരിതത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പട്ടികജാതിപട്ടികവർഗ്ഗക്കാർ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എടുത്ത കട വായ്പകൾ എഴുതി തള്ളണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് (ഐ) വൈക്കം ബ്ലോക്ക് കമ്മ​റ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. സർക്കാർ സർവ്ർർവീസിലെ പോലെ എയിഡഡ് സ്ഥാപനങ്ങളിലും പട്ടികജാതിപട്ടികവർഗ്ഗക്കാർക്ക് സംവരണം നൽകണമെന്നും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ വി​റ്റഴിക്കുന്നത് നയമായി കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രമേണ സംവരണത്തിന്റെ പ്രയോജനം പട്ടികജാതിപട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും യോഗം ആരോപിച്ചു. ദളിത് കോൺഗ്രസ് ബ്ലോക്ക് കൺവെൻഷൻ 29ന് വൈക്കത്ത് വച്ച് നടത്തുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. കുട്ടപ്പൻ, വൈക്കം ജയൻ, ഓമന ശങ്കരൻ,ഷീല, കുഞ്ഞുമോൾ അശോകൻ, രാജേഷ്, മഹേശൻ, സോമനാഥൻ, ശരത് ശശി, പി.കെ സുതൻ, എൻ.അശോകൻ, രാജേഷ് കല്ലറ, പ്രതാപൻ തോട്ടകം, തുടങ്ങിയവർ പ്രസംഗിച്ചു.