വൈക്കം : വൈക്കം നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നടത്തി. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നഗരസഭ വൈസ് ചെയർപേഴ്സൺ എസ്.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ചെയർമാൻ ബിജു കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം എസ്.ഹരിദാസൻ നായർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രോഹിണിക്കുട്ടി അയ്യപ്പൻ, അഡ്വ.അംബരീഷ്.ജി.വാസു, ജി.ശ്രീകുമാരൻ നായർ, നഗരസഭ പ്രതിപക്ഷ നേതാവ് എം.ടി.അനിൽകുമാർ, പി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ദുരന്തനിവാരണം, ആസ്തികളുടെ രൂപീകരണവും സംരക്ഷണവും എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതി രൂപീകരണമാണ് നടപ്പിലാക്കുന്നത്.
'' വൈക്കം നഗരസഭ 2020-21 ലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ വികസന സെമിനാർ ചട്ടലംഘനവും വൈക്കം നഗര വാസികളെ വഞ്ചിക്കലുമാണ്. സർക്കാർ ഉത്തരവ് അനുസരിച്ച് വികസന സെമിനാർ നടത്തുന്നതിന് മുൻപ് ദുരന്ത നിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ലോക്കൽ റിസോർട്ട് ഗ്രൂപ്പ് റാപ്പിഡ് ആക്ഷൻ ടീം തിരഞ്ഞെടുപ്പും പരിശീലനവും നടത്തും. തുടർന്ന് ദുരന്ത നിവാരണ പ്ലാൻ ആയതിന്റെ കരട് രേഖ തയ്യാറാക്കി വാർഡ് സഭയിൽ ചർച്ച ചെയ്ത് ദുരന്ത നിവാരണ വികസന സെമിനാറിൽ അധിക നിർദ്ദേശങ്ങൾക്കായി സമർപ്പിച്ച അന്തിമ രേഖ പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കി അതാണ് വാർഷിക വികസന സെമിനാറിൽ ചർച്ച ചെയ്യേണ്ടത്. ഇവിടെ ദുരന്ത നിവാരണ പ്ലാൻ രേഖ തയ്യാറാക്കിയിട്ടില്ല. സർക്കാരിന്റെ നിർദ്ദേശം മാനിക്കാതെ നടത്തിയ വികസന സെമിനാറിനെക്കുറിച്ച് നഗരകാര്യ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകും ''
--
കെ.ജി.അബ്ദുൾ സലാം റാവുത്തർ
(ഡി.സി.സി.ജനറൽ സെക്രട്ടറി, നഗരസഭ മുൻ വൈസ് ചെയർമാൻ)