കോട്ടയം : ഏറ്റുമാനൂർ മഹാദേവൻ ഇന്ന് ഏഴരപ്പൊന്നാനപ്പുറത്തേറി ഭക്തജനങ്ങൾക്ക് അനുഗ്രഹദർശനം നൽകും. വർഷത്തിൽ രണ്ടുദിവസം മാത്രമാണ് ഏഴരപ്പൊന്നാനകളെ പുറത്തെടുക്കുന്നത്. എട്ടാം ഉത്സവദിവസമായ ഇന്ന് അർദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലാണ് ദർശനവും വലിയ കാണിക്കയും നടക്കുന്നത്. ആസ്ഥാന മണ്ഡപത്തിന്റെ മുന്നിൽ വലിയ കാണിക്കസമയത്ത് സർവാഭരണവിഭൂഷിതനായി എഴുന്നള്ളുന്ന ഭഗവാന് അകമ്പടി സേവിക്കാൻ ഏഴരപ്പൊന്നാനകൾ അണിനിരക്കും. മണ്ഡപത്തിൽ പ്രത്യേകം ക്രമീകരിച്ച പീഠത്തിൽ മഹാദേവന്റ തിടമ്പിന് ഇരുവശവുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയും മുന്നിലായി പീഠത്തിൽ അരപ്പൊന്നാനയെയും സ്ഥാപിക്കും.

അർദ്ധരാത്രിയോടെ ശ്രീകോവിലിൽ നിന്ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. പുലർച്ചെ രണ്ടുവരെയാണ് എഴുന്നള്ളത്ത്. തുടർന്ന് കാണിക്കയർപ്പിക്കാനായുള്ള പൊന്നിൻകുടം കൊടിമരച്ചുവട്ടിലേക്ക് മാറ്റും. ഏഴരപ്പൊന്നാനകളെയും കൊടിമരച്ചുവട്ടിൽ ഇറക്കിവച്ച് എഴുന്നള്ളിക്കും. ആറാട്ടുദിവസം തിരുവഞ്ചൂർ പുഴയിൽ ആറാടി പേരൂർ കവലയിലെത്തുന്ന ഭഗവാനെ എതിരേൽക്കാൻ ഗജവീരന്മാരോടൊപ്പം ഏഴരപ്പൊന്നാനകളും എത്തും. സ്വർണത്തിൽ നിർമ്മിച്ച ഏഴുവലിയ ആനകളും ഒരു ചെറിയ ആനയുമാണുള്ളത്. ഏഴ് ആനകൾക്ക് രണ്ടടി വീതം ഉയരവും ചെറിയ ആനയ്ക്ക് ഒരടി ഉയരവുമാണുള്ളത്.