മറവൻതുരുത്ത്: ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷമയമില്ലാത്ത പച്ചക്കറികൾ ഉപയോഗിച്ച് ഭക്ഷണമൊരുക്കാൻ വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്‌പൈൻസെന്ററും കൃഷി വകുപ്പിന്റെ കടുത്തുരുത്തിയിലെ സ്റ്റേറ്റ് വാലാച്ചിറ സീഡ്ഫാമും കൈകോർക്കുന്നു. ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലെ രണ്ടേക്കർ വളപ്പിൽ കൃഷി വകുപ്പിന്റെ ജീവനി 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ആരംഭിക്കുന്നത്. പാവയ്ക്ക, വെണ്ടയ്ക്ക, വഴുതന, പടവലം, പീച്ചിങ്ങ, പയർ, കാബേജ്, ചീര മുളക്, കാന്താരി തുടങ്ങി പന്ത്റണ്ടോളം ഇനം പച്ചക്കറികൾ ചാണകം,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഇന്നലെ രാവിലെ 10ന് ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്‌പൈൻ സെന്റർ ചെയർമാൻ ഡോ. പരമേശ്വരന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസി ആന്റണി പച്ചക്കറിതൈകൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ, ലീഗൽ അഡ്വൈസർ അഡ്വ. കെ.പി. ശിവജി, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഓഫീസർ പി. കമലാസനൻ, റിട്ട. കൃഷി ശാസ്ത്രജ്ഞൻ ഡോ. കെ. ശശിധരൻ, അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ എ.വി. ശിവദാസൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഷൈമോൻ, അനിൽകുമാർ പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.