കോട്ടയം : കർഷകരോട് കടുംപിടുത്തവുമായി സപ്ലൈകോ രംഗത്ത് എത്തിയതോടെ ആർപ്പൂക്കരയിൽ ഇരുപത് ദിവസമായി നെല്ല് പാടത്ത് കിടക്കുന്നു. നെല്ലിനു മൂന്നുകിലോ കിഴിവ് ആവശ്യപ്പെട്ട കർഷകരുടെ നെല്ലിന് നിലവാരമില്ലെന്ന ആരോപണമാണ് സപ്ലൈകോ ഉന്നയിക്കുന്നത്. ആർപ്പൂക്കര പായിവട്ടം കറുകപ്പാടത്തെ 12 ഏക്കറിൽ കൃഷിയിറക്കിയ സത്യൻ വി.കൃഷ്‌ണൻ, ബൈബു സൈമൺ, സെൻലി മോൾ എന്നിവരുടെ 200 ക്വിന്റൽ നെല്ലാണ് ഏറ്റെടുക്കാനാളില്ലാതെ കിടക്കുന്നത്.

രണ്ടാഴ്‌ച മുൻപാണ് കൊയ്‌ത്ത് കഴിഞ്ഞത്. മുൻ വർഷങ്ങളിൽ രണ്ടുകിലോ കിഴിവാണ് നൽകിയതെന്നും, സമീപത്തെ പാടശേഖരങ്ങളിലും ഇതേ കിഴിവാണ് നൽകുന്നതെന്നും കർഷകരും പാടശേഖര സമിതിയും അറിയിച്ചു. എന്നാൽ, നെല്ല് സംഭരിക്കാൻ തയ്യാറാകാതെ മില്ലുടമകൾ മടങ്ങിപ്പോകുകയായിരുന്നു. തു‌ടർന്ന് ‌കർഷകർ പാഡി മാർക്കറ്റിംഗ് ഓഫീസർക്കും, ആർപ്പൂക്കര കൃഷി ഓഫീസർക്കും പരാതി നൽകി. ഇതിലും നടപടിയുണ്ടാകാതെ വന്നതോടെ ജില്ലാ കളക്ടറെ സമീപിച്ചു. തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെത്തി നെല്ല് പരിശോധിച്ചു. പതിർ കൂടിയതായതിനാൽ സാമ്പിൾ ശേഖരിക്കാതെ സംഘം മടങ്ങി. കഴിഞ്ഞ ദിവസം ആർപ്പൂക്കര കൃഷി ഓഫീസർ വിഷയത്തിൽ ഇടപെടുകയും നെല്ല് സംഭരിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടും നെല്ല് ഇപ്പോഴും പാടത്തു തന്നെയാണ്. ഇതിനിടെ നെല്ലു കിടക്കുന്ന പാടത്തേയ്ക്കു വെള്ളം കയറ്റിവിടാൻ തുടങ്ങിയതോടെ കർഷകർ പരിഭ്രാന്തിയിലാണ്.

നെല്ല് മുഴുവൻ സംഭരിക്കും

മുഴുവൻ കർഷകരുടെയും നെല്ല് സംഭരിക്കും. കറുകപ്പാടത്തെ പരാതി ഉന്നയിച്ച കർഷകരുടെ നെല്ല് സപ്ലൈകോ നിർദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാരമില്ലാത്തതാണ്. പതിർ കോൾ കൂടിയതും പകുതി നിറഞ്ഞ മണികളോട് കൂടിയതുമാണ്. 288 കർഷകരിൽ രണ്ടുപേരാണ് പരാതിക്കാർ. നെല്ല് സംഭരണം ഉടൻ പൂർത്തിയാക്കും.

ജിജി കുര്യൻ,പാഡി മാർക്കറ്റിംഗ് ഓഫിസർ