ചിറ്റാനപ്പാറ : 'കൂടുതലൊന്നും വേണ്ട, കുടിക്കാനിത്തിരി വെള്ളം മതി'. തലപ്പുലം പഞ്ചായത്തും, ഭരണങ്ങാനം പഞ്ചായത്തും അതിരിടുന്ന ചിറ്റാനപ്പാറയിലെ നൂറിൽപ്പരം കുടുംബങ്ങൾ അധികൃതരോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്.
ചിറ്റാനപ്പാറ ജലനിധി പദ്ധതിയിൽ നിന്നാണ് ഈ ഭാഗത്തെ 128 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടിയിരുന്നത്. ഇതിനായി അഞ്ചാനിക്കൽ തോട്ടിൻകരയിൽ കിണറും ചിറ്റാനപ്പാറ തറപ്പേൽ ഭാഗത്ത് കാൽലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും സ്ഥാപിച്ചിരുന്നു. ഗുണഭോക്തൃസമിതിയുടെ നേതൃത്വത്തിലായിരുന്നു ജലവിതരണം. എന്നാൽ കൊടുംവേനലിൽ കിണറ്റിലെ ജലനിരപ്പ് താഴ്ന്നു.
മുപ്പതിനായിരം മുതൽ മുപ്പത്തയ്യായിരം വരെ ലിറ്റർ വെള്ളം അടിച്ചെങ്കിലേ 128 കുടുംബങ്ങളിലും സാമാന്യ ഉപയോഗത്തിന് വെള്ളം തികയുകയുള്ളൂവെന്ന് ജലനിധി പദ്ധതി പ്രസിഡന്റ് കുരുവിള ജോസഫ് പറയുന്നു. പക്ഷെ പ്രതിദിനം അടിക്കാൻ കിട്ടുന്നത് കേവലം ആറായിരം ലിറ്റർ വെള്ളമാണ്. ഒരു കുടുംബത്തിന് ദിവസവും 100 ലിറ്റർ വെള്ളം കിട്ടിയാലായി. സാമ്പത്തികമായി ഉയർന്ന കുടുംബങ്ങൾ 600 രൂപ മുടക്കി 3000 ലിറ്റർ വെള്ളം ടാങ്കർ ലോറി വഴി ശേഖരിക്കും. പാവപ്പെട്ടവർ എന്ത് ചെയ്യും?

കുടിവെള്ളക്ഷാമം രൂക്ഷം ഇവിടെ

ചിറ്റാനപ്പാറ

കുന്നനാകുഴി

കോനൂക്കുന്ന്

ചിറ്റാനപ്പാറ ജലനിധി പദ്ധതിയിൽ : 128 കുടുംബങ്ങൾ

മെമ്പറെ കണ്ടവരുണ്ടോ !

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ പഞ്ചായത്ത് മെമ്പറെ ഈ ഭാഗത്തേക്ക് കാണാനില്ലെന്നാണ് ആക്ഷേപം. ഉദ്യോഗാർത്ഥം തിരുവനന്തപുരത്താണ് മെമ്പർ സജീവ് പി.സി തങ്ങുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണെന്ന് സജീവ് പറയുന്നു. ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കെല്ലാം എത്തുന്നുണ്ട്. ചിറ്റാനപ്പാറയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ബൃഹദ് പദ്ധതിക്കുള്ള നിർദ്ദേശം മാണി. സി. കാപ്പൻ എം.എൽ.എയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 25 ലക്ഷത്തിന്റെ ഈ പദ്ധതി യാഥാർത്ഥ്യമായാൽ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുമെന്നും മെമ്പർ പറയുന്നു.

മീനച്ചിലാറ്റിൽ പുതിയ കിണർ കുത്തണം
മീനച്ചിലാറ്റിൽ പുതിയ കിണർ കുത്തിയാൽ യഥേഷ്ടം വെള്ളം കിട്ടും. ഇതിനായി തലപ്പുലം പഞ്ചായത്ത് അധികാരികളും, എം.എൽ.എയും അടിയന്തിര നടപടി കൈക്കൊള്ളണം. ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും പദ്ധതിക്ക് വേണ്ടി വരുമെന്നും ചിറ്റാനപ്പാറ ജലനിധി പദ്ധതി മുൻ ഭാരവാഹിയും എസ്.എൻ.ഡി.പി യോഗം 3373ാം നമ്പർ കീഴമ്പാറ ശാഖ സെക്രട്ടറിയുമായ മിനി അനിൽ കുമാർ പറഞ്ഞു.