കോട്ടയം : കുടിവെള്ളത്തിൽ ഉപ്പു വെള്ളം കലരാതിരിക്കാൻ നിർമ്മിച്ച തടയണ തകർന്നതോടെ വാട്ടർഅതോറിറ്റിയുടെ പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് ഉപ്പുവെള്ളം. ഏറ്റുമാനൂർ, കുമരകം തിരുവാർപ്പ് കുടിവെള്ള വിതരണ പദ്ധതികളുടെ ഭാഗമായുള്ള സ്ഥലങ്ങളിലാണ് ഉപ്പുവെള്ളം കലർന്നിരിക്കുന്നത്. കടുത്ത വേനലിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്‌ന്നതിനാൽ വരും ദിവസങ്ങളിൽ മറ്റ് കുടിവെള്ള പദ്ധതികളിലും ഇതേ പ്രശ്‌നമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്.
മുൻ വർഷങ്ങളിൽ ഉപ്പു വെള്ളം കയറാതിരിക്കാൻ കുടമാളൂർ, താഴത്തങ്ങാടി എന്നിവിടങ്ങളിൽ തടയണകൾ നിർമ്മിച്ചിരുന്നു. ഇത്തവണ ഒന്നുമുണ്ടായില്ല. തടയണ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വാട്ടർഅതോറിറ്റി, ഇറിഗേഷൻ വകുപ്പിന് ഡിസംബറിൽ കത്ത് കൈമാറിയിരുന്നു. ഉപ്പുവെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർഅതോറിറ്റി സ്റ്റാഫ് അസോസിയേഷനും കളക്ടർക്ക് കത്ത് നൽകിയിരുന്നു.
റഗുലേറ്റർ കം ബ്രിഡ്‌ജ് എവിടെ
എല്ലാ വർഷവും താത്കാലിക തടയണ നിർമ്മിക്കുന്നതിന് പകരം, റഗുലേറ്റർ കം ബ്രിഡ്‌ജ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രളയകാലത്തിന് ശേഷം ഇതിനും തീരുമാനമായില്ല. നട്ടാശേരി സൂര്യകാലടി മനയ്ക്ക് സമീപം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. താത്കാലിക തടയണയ്ക്കായി ടെൻഡർ വിളിച്ചിട്ട് ആരും ഏറ്റെടുത്തില്ലെന്നും ക്വട്ടേഷൻ വിളിച്ചിട്ടുണ്ടെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.