കോട്ടയം: തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിന്റെ മരണ രജിസ്റ്ററിൽ ഉൾപ്പെട്ട 33 പേരിൽ മൂന്നു പേർ ജീവിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തി. മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ട തിരുവല്ല, ചങ്ങനാശേരി സ്വദേശികളായ രണ്ടുപേരും സ്ഥലം രേഖപ്പെടുത്താത്ത ഒരാളുമാണ് ജീവനോടെയുള്ളത്. ഇതടക്കം ഒട്ടേറെ ക്രമക്കേടുകൾ രജിസ്റ്ററിലുണ്ട്.
രജിസ്റ്റർ പ്രകാരം 2012ന് ശേഷം 33 പേരാണ് സ്ഥാപനത്തിൽ മരിച്ചത്. ഇവരുടെ വീടുകളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ 18 പേർ സ്ഥാപനത്തിൽ വച്ചും ആശുപത്രിയിലേക്കു കൊണ്ടുപോകവേ വഴിയിലും ആശുപത്രിയിൽ എത്തിച്ച ശേഷവും മരിച്ചവരാണ്. നാലു പേർ ജീവനൊടുക്കിയവർ. ഏഴു പേർ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയ ശേഷം മരിച്ചു. ഇവരുടെ തന്നെ നാലു കോടിയിലുള്ള അഗതി മന്ദിരത്തിൽ മരിച്ചയാളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ശേഷിച്ച മൂന്നു പേരാണ് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
രജിസ്റ്ററിൽ ക്രമക്കേടു കണ്ടെത്തിയതോടെ സ്ഥാപന അധികൃതർ മറ്റൊരു വിശദീകരണവുമായി രംഗത്തെത്തി. നേരത്തെ പിരിഞ്ഞു പോയ ജീവനക്കാരിയാണ് രജിസ്റ്റർ തയ്യാറാക്കിയതെന്നും അവർക്കുണ്ടായ പിഴവാണിതെന്നുമാണ് വാദം. പൊലീസ് മറ്റ് ഇടപാടുകൾ സംബന്ധിച്ചുള്ള അന്വേഷണവും ശക്തമാക്കി.
ശരീരത്തിൽ ഈയത്തിന്റെ അംശം
കോട്ടമുറിയിലെ മാനസിക കേന്ദ്രത്തിൽ കഴിഞ്ഞദിവസം മരിച്ച എബ്രഹാം യൂഹാനോന്റെ (21) ശരീരത്തിൽ ഈയത്തിന്റെ അംശം കൂടുതലെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മരുന്നിൽ നിന്നാണ് ഈയം കലർന്നതെന്നാണ് സംശയിക്കുന്നത്. മരണങ്ങളിലെ ദുരൂഹത സംബന്ധിച്ച് രണ്ടു ദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കുമെന്ന് എ.ഡി.എം അനിൽ ഉമ്മൻ പറഞ്ഞു.