പാലാ : വായ്പാ അടവ് മുടങ്ങിയതിനെ തുടർന്ന് പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ചെത്തിമറ്റത്തെ ഹെഡ് ഓഫീസ് ബാങ്ക് ജപ്തി ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതി നിയോഗിച്ച കമ്മിഷന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് റിക്കവറി വിഭാഗമാണ് ജപ്തി നടത്തിയത്. 2014ൽ റബർ വാങ്ങാനായി 2 കോടിയ രൂപയാണ് സൊസൈറ്റി വായ്പ എടുത്തത്. സൊസൈറ്റിയുടെ അധീനതയിലുള്ള 2 കെട്ടിടം ഉൾപ്പെടുന്ന സ്ഥലം ഈടുവച്ചാണ് വായ്പയെടുത്തത്. 2018 വരെ കൃത്യമായി വായ്പ അടച്ചിരുന്നു. റബർ വില ഇടിവിനെ തുടർന്ന് പിന്നീട് മുടങ്ങിയെന്നാണ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്. 2 കോടി 70 ലക്ഷം രൂപ പലിശ ഉൾപ്പെടെ അടയ്ക്കാനുണ്ട്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വാടക ബാങ്കിൽ അടച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.