ചങ്ങനാശേരി: വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ കാണിക്കവഞ്ചികളുടെ പൂട്ട് തകർത്ത് മോഷണം. രണ്ട് കാണിക്കവഞ്ചികളിൽ നിന്നായി 6000 രൂപയോളം മോഷണം പോയി. കിഴക്കേ നടയിലെ ശിവപ്രതിഷ്ഠയ്ക്കു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയിലെയും പടിഞ്ഞാറേ നടയിൽ പാർവതി ദേവിയുടെ തിരുനടയിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചിയിലെയും പണമാണ് മോഷണം പോയത്. നാണയത്തുട്ടുകൾ കാണിക്കവഞ്ചിയിൽ തന്നെ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്ര ജീവനക്കാരനാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. നൈറ്റ് പെട്രോളിംഗിന്റെ ഭാഗമായി ചങ്ങനാശേരി പൊലീസ് ഇന്നലെ പുലർച്ചെ 2.20-ഓടെ ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. ഇതുകഴിഞ്ഞാവാം മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ക്ഷേത്ര ഉപദേശക സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.