ചങ്ങനാശേരി: ചങ്ങനാശേരി മത്സ്യ മാർക്കറ്റിനു സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കണ്ടങ്കേരി കെ.എൻ ജോസഫിന്റെ വീടിന്റെ ജനാല ചില്ലുകളും മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പൊട്ടുകയും സമീപത്തെ പെട്ടിക്കടയുടെ പലകകൾ തകരുകയും ചെയ്തു. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും സവാളയുമായത്തിയ ലോറിയുടെ ക്യാബിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ സ്റ്റൗവിലേക്ക് ആളിപ്പടരുകയായിരുന്നു. ഉടൻ ലോറിയിലെ ജീവനക്കാർ സിലിണ്ടർ തട്ടി പുറത്തേയ്ക്കിട്ടു. ഇരുപതു മിനിറ്റോളം ഇവിടെ കിടന്നു കത്തിയ സിലിണ്ടർ തുടർന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള കടയിലേക്ക് തീപടരാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.