അടിമാലി: പട്ടയപ്രശ്‌നത്തിൽ പരിഹാരമാവശ്യപ്പെട്ട് കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണവേദിയുടെ നേതൃത്വത്തിൽ കല്ലാർ കുട്ടിയിൽ കർഷകർ സമരം സംഘടിപ്പിച്ചു.കല്ലാർകുട്ടി അണക്കെട്ടിന്റെ തീരമേഖലകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയമനുവദിക്കണമെന്നാവശ്യപ്പെട്ട് കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണവേദി പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭസമരത്തിന്റെ ആദ്യഘട്ടമായാണ് കർഷകരുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.കല്ലാർകുട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാ സന്തോഷ് സമരം ഉദ്ഘാടനം ചെയ്തു.വിവിധ ഇടങ്ങളിൽ നിന്നും പ്രതിഷേധ പ്രകടനങ്ങളായിട്ടായിരുന്നു കർഷകർ കല്ലാർകുട്ടിയിലെ സമരപന്തല്ലിൽ എത്തിയത്.കെ ബി ജോൺസൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ സംരക്ഷണവേദി ഭാരവാഹികളായ പി വി അഗസ്റ്റിൻ, ജയിൻസ് യോഹന്നാൻ,വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ ബിജി,ത്രിതല പഞ്ചായത്തംഗങ്ങൾ,വ്യാപാരി പ്രതിനിധികൾ,മത പുരോഹിതർ തുടങ്ങിയവർ പങ്കെടുത്തു.സമരത്തിന്റെ ഭാഗമായി വ്യാപാരികൾ കല്ലാർകുട്ടിയിൽ കടകളടച്ച് പ്രതിഷേധിച്ചു.