sreekumar

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തങ്കരഥത്തിൽ എഴുന്നെള്ളിപ്പിന് തുടക്കമായി. ഇന്നലെ വൈകിട്ടാണ് തങ്കരഥത്തിൽ എഴുന്നെള്ളിപ്പിന് തുടക്കമായത്. രാവിലെ ക്ഷേത്രത്തിൽ ശ്രീബലി നടന്നു. തുടർന്ന് കളഭാഭിഷേകവും നടത്തി. തുടർന്നു കാഴ്‌ചശ്രീബലി നടത്തി. ഉത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം സഞ്ചാരം ഫെയിം സന്തോഷ് ജോർജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്‌തു. ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ ബി.രാധാകൃഷ്ണമേനോൻ, ഡോ. അജിത്ത്, എ.ജി. തങ്കപ്പൻ, കെ.ഡി. സലിമോൻ , അഡ്വ.വി.ബി.ബിനു , പ്രൊഫ.കെ.ആർ. ചന്ദ്രമോഹനൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ഏഴു മുതൽ അമൃത എം.സാബു മാളേയ്‌ക്കലിന്റെ പ്രഭാഷണം നടത്തി. തുടർന്ന് രാത്രി എട്ടു മുതൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു. അർദ്ര ബൈജു ഭരതനാട്യം അവതരിപ്പിച്ചു. തുടർന്ന് കുമരകം ശ്രീമുരുകാ സ്‌കൂൾ ഒഫ് ഡാൻസിന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം നടത്തി. രാത്രി ഒൻപത് മുതൽ കോട്ടയം നാട്യ പൂർണ സ്‌കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അരങ്ങേറി. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം. ഒൻപത് മുതൽ ശ്രീബലി, 10.30 ന് കളഭാഭിഷേകം. രാത്രി എട്ടിന് തങ്കരഥത്തിൽ എഴുന്നെള്ളിപ്പ്. 9.00 ന് വിളക്കിനെഴുന്നെള്ളിപ്പ്. രാത്രി 7.30 ന് പ്രഭാഷണം. രാത്രി 9.30 മുതൽ ഗാനമേള എന്നിവ നടക്കും.