കോട്ടയം: കനത്തചൂടിൽ നെൽകർഷകരുടെ മനസും പൊള്ളുകയാണ്. ഓരുവെള്ളമാണ് നെൽകർഷകന്റെ ഉറക്കംകെടുത്തുന്നത്. കൊയ‌്ത്തിന് പാകമാകുന്ന

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ 20,000 ഹെക്ടർ നെൽകൃഷിക്കാണ് ഓരുവെള്ളം ഭീഷണിയായിരിക്കുന്നത്. ഹെക്ടറിന് 40,000 രൂപ വരെ ചെലവഴിച്ചാണ് വിളവിറക്കിയത്. മഴ പെയ്‌താൽ മാത്രമേ ജലാശയങ്ങളിൽ ഉപ്പിന്റെ അളവ് കുറയുകയുള്ളൂ. പെയ്യേണ്ട സമയത്ത് മഴ പെയ്തില്ല. ഇനി മഴ പെയ്താൽ മൂപ്പെത്താറായ നെൽചെടികൾ വീണ് കർഷകന് ഇരട്ടിനഷ്ടമായിരിക്കും ഫലം. വിവിധ സ്ഥലങ്ങളിലായി എല്ലാ വർഷവും നിർമ്മിച്ചിരുന്ന താത്കാലിക ഓരുബണ്ട് മുട്ട് നിർമ്മാണം ഇത്തവണ നടത്താത്തതാണ് കൃഷി നശിക്കാൻ വഴിയൊരുക്കുന്നത്. കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്ത് ഓരുവെള്ളം തടയാൻ സ്ഥിരം സംവിധാനമൊരുക്കണമെന്നത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കടലിൽ നിന്ന് കായംകുളം കായൽ വഴി കയറുന്ന ഉപ്പ് വെള്ളം പുളിക്കീഴ് ആറ്റിലൂടെ എത്തിയാണ് കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ നെൽകൃഷി നശിപ്പിക്കുന്നത്.

 തോടുകളിലും ഉപ്പ്

തോടുകളിലെയും ആറുകളിലെയും ജലത്തിൽ ഉപ്പിന്റെ അംശം കൂടുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 23 ശതമാനമായിരുന്നു. മലയോര ഗ്രാമമായ കോഴഞ്ചേരി വരെ ഉപ്പിന്റെ സാന്ദ്രത എത്തിയതായി ജലസേചന വകുപ്പ് നടത്തിയ പഠനത്തിൽ ബോദ്ധ്യമായി. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പുറമേ മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളവും മുട്ടി.

 കുടിവെള്ളവും ഇല്ല

താപനില കൂടിയതോടെ ജലസ്രോതസുകൾ വറ്റിവരണ്ട് കുട്ടനാടിന്റെ കിഴക്കൻ മേഖലകളായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാനില്ല. 80 ശതമാനം പേരും വെള്ളം വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്. ആയിരം ലിറ്റർ വെള്ളത്തിന് 800 രൂപയിലേറെ നൽകണം. തുരുത്തി, കുറിച്ചി, ഇത്തിത്താനം, മലകുന്നം തുടങ്ങിയിടങ്ങളിൽനിന്നാണ് വെള്ളം എത്തിക്കുന്നത്.

ഡാമിലെ വെള്ളം തുറന്ന് വിട്ട് ഉപ്പു വെള്ളത്തിന്റെ ഭീഷണിയിൽ നിന്ന് കാർഷിക മേഖലയെ രക്ഷിക്കണമെന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി വേണമെന്നതുമാണ്

കർഷകരുടെ ആവശ്യം.