കോട്ടയം : പരീക്ഷയ്‌ക്ക് ശേഷം സ്‌കൂളിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ ചേർത്തലയ്ക്ക് സമീപം അർത്തുങ്കലിൽ കണ്ടെത്തി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്തിയത്. വിദ്യാർത്ഥികൾ അർത്തുങ്കലിൽ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ കുറവിലങ്ങാട് പൊലീസ് രാത്രി തന്നെ വിവരങ്ങൾ ചേർത്തല പൊലീസിന് കൈമാറിയിരുന്നു. കാണക്കാരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വെമ്പള്ളി അരവിന്ദമന്ദിരത്തിൽ ജയകുമാറിന്റെ മകൻ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കൽ ബാബുവിന്റെ മകൻ സനു ബാബു (14), പട്ടിത്താനം രാമനാട്ട് നവാസിന്റെ മകൻ അൻസിൽ.എൻ (14) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ രാവിലെ 11.30 ന് പരീക്ഷ കഴിഞ്ഞെങ്കിലും, വൈകുന്നേരമായിട്ടും മൂവരും വീട്ടിൽ മടങ്ങിയെത്തിയില്ല. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.