കോട്ടയം: തീക്കനൽ പോലെ പൊള്ളുമ്പോൾ തുറസായ സ്ഥലത്തുള്ള ജോലിക്ക് സമയ ക്രമം നിശ്ചയിച്ചെങ്കിലും ജില്ലയിൽ നടപ്പാകുന്നില്ല. തൊഴിൽ വകുപ്പിന്റെ കീഴിൽ പരിശോധനയുണ്ടെങ്കിലും അത് കഴിയുമ്പോൾ വീണ്ടും പഴയപടി തുടരുന്നു. വെയിലത്ത് കുഴഞ്ഞ് വീഴുന്നവരുടേയും എണ്ണം കൂടുകയാണ്.

സൂര്യാഘാത സാദ്ധ്യത മുന്നിൽക്കണ്ടാണ് ഏപ്രിൽ 30 വരെ ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമ സമയമാക്കി തൊഴിൽ സമയം ക്രമീകരിച്ചത്. എന്നാൽ ചന്തയിലും കൺസ്ട്രക്ഷൻ സൈറ്റുകളിലുമടക്കം നിർദേശം പാലിക്കപ്പെടുന്നില്ല. ജില്ലയിലെ കൺസ്ട്രക്‌ഷൻ സൈറ്റുകൾ കേന്ദ്രീകരിച്ച് രണ്ടാഴ്ചയായി പരിശോധനയുണ്ട്. പരിശോധനാ സമയത്ത് ആളുകളെ മാറ്റുകയാണ് പതിവ്. അന്യസംസ്ഥാനക്കാരാണ് തൊഴിലാളികളിൽ അധികവും. അതുകൊണ്ട് തന്നെ എത്ര വെയിലത്തും ജോലി ചെയ്യാൻ ഇവർ തയ്യാറാണമെന്ന ന്യായമാണ് തൊഴിലുടമകൾ നിരത്തുന്നത്. കോട്ടയം ചന്തയിലും ലോഡ് ഇറക്കുന്നത് പൊരി വെയിലത്താണ്. പക്ഷേ, ഇവിടെ പരിശോധന നടത്താറില്ല. അതേസമയം ഗതാഗത നിയന്ത്രണം വെല്ലുവിളിയാകുമെന്നതിനാൽ ട്രാഫിക് പൊലീസ് വിഭാഗങ്ങൾക്കു രേഖാമൂലം ഇത്തരം നിർദേശങ്ങൾ ലഭിച്ചിട്ടില്ല. ജില്ലയിൽ ചൂടിന്റെ കാഠിന്യം കണക്കിലെടുത്ത് വെയിൽ കൂടുതലുള്ള സമയങ്ങളിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ തണലത്തേയ്ക്ക് മാറി നിന്നുള്ള നിയന്ത്രണത്തിന് സമ്മതം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഡ്യൂട്ടി പോയിന്റുകളിൽ ശുദ്ധജലം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

നിർദേശങ്ങൾ

 വെയിലിൽ നടത്തവും ജോലിയും ഒഴിവാക്കണം

 തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം

 ക്ഷീണമുള്ളപ്പോൾ വിശ്രമം അനുവദിക്കണം

 യാത്രയിൽ ശുദ്ധജലവും കുടയും കരുതണം

 രോഗികളും മുതിർന്നവരും കുട്ടികളും ശ്രദ്ധിക്കണം

പരിശോധനയ്ക്ക്

7

അസി.ലേബർ ഓഫീസർമാർ

50

ഇടങ്ങളിൽ

പരിശോധന

സൂര്യാഘാതമുണ്ടാകുമ്പോൾ സഹതപിക്കുന്നതിനുപകരം അതുണ്ടാകാതിരിക്കാനുള്ള സാഹചര്യം എല്ലാ തൊഴിലുടമകളും ജീവനക്കാർക്ക് ഒരുക്കിക്കൊടുക്കണം. മാനുഷികമായ സമീപനം സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടികളും സ്വീകരിക്കണം.

വിനോദ്, തൊഴിലാളി,ഗാന്ധി നഗർ