കോട്ടയം: ഭാരത് ആശുപത്രിയിലെ ഡോക്‌ടറുടെ കാർ മോഷ്‌ടിച്ച യുവതി അടക്കം നാലു പ്രതികൾ അറസ്റ്റിൽ. മാങ്ങാനം മനയ്‌ക്കൽ ആഷിക് ആന്റണി (32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പുറത്ത് സുമേഷ് രവീന്ദ്രൻ (28) എന്നിവരെയാണ് മൂന്നാറിൽ നിന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്.
തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടർ ഷീബയുടെ കാർ ആശുപത്രിയുടെ വളപ്പിൽ നിന്ന് മോഷണം പോയത്. ഡോക്‌ടറുടെ ഡ്രൈവറാണെന്ന് പരിചയപ്പെടുത്തിയ യുവാവ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് താക്കോൽവാങ്ങി കാറുമായി കടക്കുകയായിരുന്നു. ഡോക്‌ടറുടെ മകളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി കാർ വേണമെന്നാണ് ഇയാൾ പറഞ്ഞത്. ഇത് വിശ്വസിച്ചാണ് താക്കോൽ നൽകിയതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. അൽപ്പം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡോക്‌ടർ ഇറങ്ങിവന്നപ്പോഴാണ് കാർ മോഷ്ടിക്കപ്പെട്ടുവെന്നു മനസിലായത്. തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്രിമിനൽക്കേസ് പ്രതികളാണ് സംഘത്തിലുള്ളതെന്ന് കണ്ടെത്തി. ഇവരുടെ ഫോൺ ലൊക്കേഷൻ പിന്തുണടർന്ന പൊലീസിന് പ്രതികൾ മൂന്നാർ ഭാഗത്ത് എത്തിയതായി വ്യക്തമാവുകയും മൂന്നാർ പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയുമായിരുന്നു.