കോട്ടയം : മദ്യലഹരിയിൽ നഗരമദ്ധ്യത്തിൽ പൊലീസുകാരെ ആക്രമിച്ച കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റത്തിൽ നസീർ (37) നെ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സി.എം.എസ് കോളേജിന് മുന്നിൽ മദ്യലഹരിയിൽ അക്രമാസക്തനായ നസീറിനെ കാറിലെത്തിയ യുവാക്കളാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ നസീർ അക്രമാസക്തനാകുകയും, ഭീഷണി മുഴക്കുകയും ചെയ്‌തു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇയാളെ പിടികൂടുന്നതിനിടെയാണ് പൊലീസ് ഡ്രൈവർ ഷൈനിനെ ആക്രമിച്ചത്. ഷൈനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പൊലീസുകാർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.