മോഷണത്തിന്റെയും തട്ടിപ്പിന്റെയും കഥകളാണ് ചുറ്റുവട്ടത്തിന് ഇപ്പോൾ ഏറെ പറയാനുള്ളത് . സി.സി.ടി.വിയുടെയും മൊബൈൽ ഫോണിന്റെയും സഹായത്താൽ മോഷ്ടാക്കളെ പൊലീസ് പിടിക്കുന്നുണ്ടെങ്കിലും മോഷണത്തിന് ഒരു കുറവുമില്ലെന്നു മാത്രം .

ഇരുചക്രവാഹനവും കാർമോഷണവും പതിവായി . പകൽ മാലപൊട്ടിച്ചും രാത്രി വീട് കുത്തിത്തുറന്നുമുള്ള മോഷണത്തിനും ഒരു കുറവുമില്ല. മിക്കയിടത്തും കാമറയുള്ളതിനാൽ മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നതിനാൽ പെട്ടെന്ന് പിടികൂടാൻ കഴിയുമെന്ന് പൊലീസിന് ആശ്വസിക്കാമെന്നുമാത്രം.

നഗരമദ്ധ്യത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ കാർ സെക്യൂറിറ്റി ജീവനക്കാരന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി ആശുപത്രി വളപ്പിൽ നിന്ന് മോഷ്ടിച്ചു കൊണ്ട് പോയത് നാലുപേർ ചേർന്നായിരുന്നു. ഡോക്ടർ വന്നിറങ്ങി അരമണിക്കൂറിനുള്ളിൽ ആയിരുന്നു മോഷണം. ഡോക്ടറുടെ മകളെ വീട്ടിൽ കൊണ്ടു പോകാൻ ഡ്രൈവറെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു സെക്യൂരിറ്റിയുടെ കൈയിൽ നിന്നു താക്കോൽ വാങ്ങി പോയത്. ഡോക്ടറുടെ വീടിന്റെ താക്കോലും മോഷ്ടിച്ച കാറിലായി പോയി. ആലപ്പുഴയ്ക്കു പോയ ഭർത്താവ് തിരിച്ചെത്തിയ ശേഷമായിരുന്നു ഡോക്ടർക്ക് വീട് തുറക്കാൻ കഴിഞ്ഞത്. മോഷ്ടാക്കളെ മൂന്നാറിൽ നിന്ന് കാറുമായി പിടികൂടിയത് സി.സി.ടി.വി ദൃശ്യം വെച്ച് മറ്റ് പൊലീസ് സ്റ്റേഷനുകളിൽ വിവരം നൽകിയതുകൊണ്ടും സാമൂഹ്യമാദ്ധ്യമങ്ങളിലും അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളിലും മോഷ്ടാക്കളുടെ ചിത്രം സഹിതം വാർത്ത വന്നതു കൊണ്ടുമായിരുന്നു. ആശുപത്രിയിൽ സെക്യൂരിറ്റി സംവിധാനം ഉള്ളിടത്തു നിന്ന് വാഹനങ്ങൾ മോഷണം പോകാൻ തുടങ്ങിയതോടെ പേ ആൻഡ് പാർക്ക് സ്ഥലത്തെ വാഹനങ്ങളുടെ സുരക്ഷ പറയാതിരിക്കുകയാണ് ഭേദം.

കോട്ടയം റെയിൽവേസ്റ്റേഷനിലെ പാർക്കിംഗിന് മണിക്കൂറ് വെച്ച് വലിയ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും വാഹനം മോഷണം പോയാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് ബോർഡിൽ എഴുതി വച്ചിട്ടുള്ളത്. വാഹനമോഷണം നിത്യ സംഭവമായ ഇവിടെ കാറിന്റെ ഗ്ലാസ് തകർത്ത് ഉള്ളിലുള്ളവ മോഷ്ടിക്കുന്നതും ഇരു ചക്രവാഹനങ്ങളിലെ ഹെൽമറ്റും പെട്രോളും അടിച്ചു മാറ്റി കൊണ്ടു പോവുന്നതും സ്ഥിരം കലാപരിപാടിയാണ്. ഇത് ബന്ധപ്പെട്ടവർക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. റെയിൽവേ സ്റ്റേഷനു മുന്നിൽ സി.സി.ടി.വി കാമറ ഉള്ളതായി അറിവില്ല. ഇരു ചക്രവാഹനങ്ങൾ പാർക്കു ചെയ്യാൻ മൂന്നു നില പാർക്കിംഗ് കോംപ്ലക്സ് പണി തീർത്തുവെങ്കിലും ഉദ്ഘാടനം നടത്താത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവർ മോഷണത്തിന് നാടോടികളെപ്പോലെ ഇടയ്ക്ക് എത്തിയിരുന്നു. ആ പതിവ് മാറ്റി എല്ലാ ദിവസവും നാടെങ്ങും വിലസുകയാണ്. വീടുകളിൽ അവർ പല രൂപത്തിൽ എത്തും. പ്രായമുള്ളവർ മാത്രമേ വീടുകളിലുള്ളൂവെങ്കിൽ ധനനഷ്ടം മാത്രമല്ല ജീവനും നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. അന്യ സംസ്ഥാനക്കാർ ജില്ലയിലുടനീളം വിലസുകയാണ് . ഭൂരിപക്ഷത്തിനും തിരിച്ചറിയൽ കാർഡുമില്ല . കൊണ്ടുവരുന്ന കരാറുകാരോ പൊലീസോ ഇക്കാര്യത്തിൽ ശ്രദ്ധിക്കാറുമില്ല . അന്യസംസ്ഥാനങ്ങളിൽ നിന്നു വന്നു താമസിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി അടിയന്തരമായി ഉണ്ടാവണമെന്നാണ് മോഷ്ടാക്കളെ ഭയന്ന് ഉറക്കം നഷ്ടപ്പെടുന്ന നാട്ടുകാർക്ക് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത്.