തൃക്കൊടിത്താനം : ചുട്ടുപൊള്ളുന്ന ചൂടിൽ ഒരിറ്റ് വെള്ളത്തിനായി നാട്ടുകാർ പരക്കം പായുമ്പോൾ പൈപ്പ് പൊട്ടി പാഴായിപ്പോകുന്നത് ലിറ്റർ കണക്കിന് വെള്ളം. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ചക്രാത്തിക്കുന്ന്, മാങ്കാല, കൈലാത്തുപടി, മണികണ്ഠവയൽ, ചേരിക്കൽഭാഗം, കടമാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളക്ഷാമം ഏറെ അനുഭവപ്പെടുന്നത്. ചക്രാത്തികുന്ന് ഭാഗത്ത് കഴിഞ്ഞ രണ്ടുമാസക്കാലമായി പൈപ്പുവെള്ളം ലഭിക്കുന്നില്ല. കഴിഞ്ഞ 40 വർഷമായി ഇവിടെയുള്ളവർ ജലവിതരണവകുപ്പിന്റെ കുടിവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ചെറുകരക്കുന്നിലുള്ള ഓവർഹെഡ്ടാങ്കിൽ നിന്നാണ് ഈ ഭാഗത്തേയ്ക്ക് കുടിവെള്ളമെത്തിക്കുന്നത്. വേനൽക്കാലത്ത് വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ചിരുന്നെങ്കിലും ഇത്തവണ ഒന്നുമുണ്ടായില്ല. ഇതിനിടെയാണ് പല ഭാഗങ്ങളിലും ആഴ്ചകളായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. ചങ്ങനാശേരി കവിയൂർ ബൈപ്പാസ് റോഡിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തെ വീടിനുള്ളിലേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധസമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.