പാലാ : സിവിൽ സ്റ്റേഷനിൽ നാല് ദിവസത്തോളമായി ശുദ്ധജലമില്ലാതെ ജീവനക്കാരും ഉപയോക്താക്കളും വലയുന്നു. കുടിക്കാനോ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനോ വെള്ളമില്ലാതായതോടെ സിവിൽ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. 48 ലേറെ ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സിവിൽ സ്‌റ്റേഷൻ പരിസരത്ത് പുതുതായി നിർമ്മിച്ച ശൗചാലയം തുറന്നുകൊടുക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വെള്ളമെത്താനുള്ള സൗകര്യം ഒരുക്കാത്തതാണ് തുറന്നു കൊടുക്കാൻ കാലംതാമസം നേരിടുന്നത്. നഗരസഭയും വാട്ടർ അതോറിട്ടയും തമ്മിലുള്ള തർക്കമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവുമുണ്ട്. സിവിൽ സ്റ്റേഷനിലെ ജലവിതരണം പുന:സ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് പാലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. പി. പോത്തൻ, സേബി വെള്ളരിങ്ങാട്ട്, രാജു പുതുമന, ബേബി കീപ്പുറം, സോജൻ ഇല്ലിമൂട്ടിൽ, ജെയിംസ് ചാലിൽ, ജോയി ചാലിൽ എന്നിവർ പ്രസംഗിച്ചു.