കോട്ടയം : വാഴൂർ ബ്ലോക്കിന് കീഴിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ച നേരങ്ങാടികൾ വിജയവഴിയിൽ. ബ്ലോക്കിന് കീഴിലുളള എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന നേരങ്ങാടികളാണ് കാർഷിക മേഖലയിൽ ഉണർവ് സൃഷ്ടിച്ചിരിക്കുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ യഥാക്രമം വാഴൂർ, ചിറക്കടവ്, കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ, കറുകച്ചാൽ പഞ്ചായത്തുകളിലാണ് നേരങ്ങാടികൾ നടത്തുന്നത്. കർഷകരുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് നടത്തിപ്പ് ചുമതല. വില്ക്കാനുള്ള ഉത്പന്നങ്ങൾ രാവിലെ 8 ന് കർഷകർ വിപണി സ്ഥലത്ത് എത്തിക്കും. ചില്ലറ വില്പനയ്ക്ക് ശേഷം പരസ്യലേലം ആരംഭിക്കും. കർഷകർ നിശ്ചയിക്കുന്ന തുകയ്ക്കാണ് ലേലം ആരംഭിക്കുന്നത്. നേരങ്ങാടിയിലെത്തുന്ന വിഭവങ്ങളിൽ എഴുപതു ശതമാനവും നാടൻ ഏത്തക്കുലകളാണ്. പച്ചക്കറികൾ, കൂവ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മാങ്ങായിഞ്ചി, തഴുതാമ, ശതാവരി കിഴങ്ങ് തുടങ്ങിയവയും ലഭ്യമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.

കഴിഞ്ഞ വർഷം : 1.46 കോടി രൂപയുടെ വിറ്റുവരവ്

കെട്ടിടവും അനുബന്ധ സൗകര്യങ്ങളും

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നേരങ്ങാടി പദ്ധതിയിൽ ഉൾപ്പെടുത്തി വിപണികൾക്കാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. 2014 ൽ വാഴൂർ പഞ്ചായത്തിൽ ആരംഭിച്ച വിപണി അഞ്ചുവർഷത്തിനു ശേഷം മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സുസ്ഥിര പ്രവർത്തനങ്ങൾ കണക്കിലെടുത്ത് വാഴൂരിനെ നേരങ്ങാടി ബ്ലോക്കായി പ്രഖ്യാപിച്ചിരുന്നു.